ജാക്സൺ ബസാര്‍ യൂത്ത്: ഇന്ദ്രൻസ് വില്ലനാണ്, തനി വില്ലൻ
മെയ് 19-ന് റിലീസ് ചെയ്യുന്ന 'ജാക്സൺ ബസാര്‍ യൂത്തി'ലൂടെ സക്കരിയ മുഹമ്മദിന്‍റെ അസിസ്റ്റന്‍റായ ഷമൽ സുലൈമാന്‍ ആദ്യമായി സംവിധായകനാകുകയാണ്. ജാഫര്‍ ഇടുക്കിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയെക്കുറിച്ച് ഷമൽ പറയുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ 'സുഡാനി ഫ്രം നൈജീരിയ' സംവിധാനം ചെയ്ത സക്കരിയ മുഹമ്മദാണ് സിനിമയിൽ ഷമൽ സുലൈമാന്‍റെ 'ആശാന്‍'. 'സുഡാനി'ക്ക് പുറമെ സക്കരിയയുടെ ഹലാൽ ലവ്സ്റ്റോറി, മോമോ ഇൻ ദുബായ് സിനിമകളിൽ അസിസ്റ്റന്‍റ് ഡയറക്ടറുമായിരുന്നു ഷമൽ.
2023 മെയ് 19-ന് റിലീസ് ചെയ്യുന്ന 'ജാക്സൺ ബസാര്‍ യൂത്തി'ലൂടെ ഷമൽ സുലൈമാന്‍ ആദ്യമായി സംവിധായകനാകുകയാണ്. സക്കരിയയാണ് പ്രൊഡ്യൂസര്‍. പക്ഷേ, ഷമലിന്‍റെ സിനിമാലോകം സക്കരിയയുടെത് പോലെ 'ഫീൽ ഗുഡ്, വൈകാരിക അടുപ്പങ്ങളെക്കുറിച്ചല്ല.'
"എനിക്ക് കുറച്ചുകൂടെ സിനിമാറ്റിക് ആയൊരു ലോകത്ത് നിന്ന് പടം പറയാനാണ് താൽപര്യം. ഞാൻ സക്കരിയയോട് സംസാരിച്ച നാല് സ്ക്രിപ്റ്റുകളും ആക്ഷൻ, ത്രില്ലര്‍, മാസ്… അങ്ങനത്തെ ഐഡിയകളാണ്." ഷമൽ സുലൈമാന്‍ പറയുന്നു.
ഷമലിന്‍റെ ജാക്സൺ ബസാര്‍ യൂത്ത്, കൊല്ലം തെന്മലയിലുള്ള ഒരു ബാൻഡ് സെറ്റാണ്. 'ട്രംപറ്റ് കൈയ്യിൽ കിട്ടിയാൽ മൈക്കിൾ ജാക്സണെപ്പോലെ തുള്ളുന്ന' ജാക്സൺ വേലൈയ്യ (ജാഫര്‍ ഇടുക്കി) യാണ് ബാൻഡ് ലീഡര്‍. ബാൻഡ് സ്ഥലത്തെ പോലീസുമായി ഉരസുന്നിടത്ത് കഥ ഒരു 'ക്യാറ്റ്-ആൻഡ്-മൗസ് ത്രില്ലര്‍' ആകുന്നു.
തീയറ്ററിലേക്ക് ആളുകളുടെ കുത്തൊഴുക്കുണ്ടാക്കുന്ന താരങ്ങളില്ലാത്ത ജാക്സൺ ബസാര്‍ യൂത്ത് കാണാൻ പ്രേക്ഷകരെത്തുമോയെന്ന ടെൻഷൻ ഷമലിനുണ്ട്. പക്ഷേ, അതിനെക്കാള്‍ വലുതാണ് സ്വന്തം സിനിമയിലുള്ള ആത്മവിശ്വാസം.
"ഈ സിനിമ ആളുകൾക്ക് അങ്ങനെ കണ്ണടച്ച് ഒഴിവാക്കാന്‍ പറ്റാത്ത സിനിമയായിരിക്കും. ഇപ്പോഴല്ലെങ്കിൽ ചിലപ്പോള്‍ രണ്ടുകൊല്ലം കഴിഞ്ഞാലും വേറൊരു അവസ്ഥയിൽ പ്രേക്ഷകർ ഈ സിനിമയെക്കുറിച്ച് സംസാരിക്കും. അത് എനിക്ക് ഉറപ്പാണ്. കാരണം, മലയാളികള്‍ക്ക് ഈ സിനിമ അറിയാം. അവര്‍ക്ക് വിദൂരത്തല്ല ഈ സിനിമ. ആ കോൺഫിഡൻസ് എനിക്കുണ്ട്."
ഷമൽ സുലൈമാന്‍ സംസാരിക്കുന്നു: ആദ്യ സിനിമയെക്കുറിച്ച്, സക്കരിയയുമായുള്ള അടുപ്പത്തെക്കുറിച്ച്, സിനിമാ നിരൂപകരെക്കുറിച്ച്, 'ഗോവിന്ദ് വസന്ത ഫാൻ ബോയ്' ആയതിനെക്കുറിച്ച്...
ഷമലിന്‍റെ ആദ്യ സിനിമയാണ് ജാക്സൺ ബസാര്‍ യൂത്ത്. നിര്‍മ്മാണം സക്കരിയ. എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്?
മൂന്ന് സിനിമകളിൽ ഞാൻ സക്കരിയയുടെ അസിസ്റ്റന്‍റ് ആയിരുന്നു. അങ്ങനെയാണ് ഈ സിനിമയിലേക്ക് ഞാൻ വരുന്നത്. മോമോ ഇൻ ദുബായ് എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് സക്കരിയ, ജാക്സൺ ബസാര്‍ യൂത്തിന്‍റെ കഥ എന്നോട് പറഞ്ഞത്. അതിന് മുൻപ് തന്നെ എനിക്ക് സംവിധാനം ചെയ്യാനുള്ള പ്രോജക്റ്റുകള്‍ സക്കരിയ നിര്‍ദേശിക്കാറുണ്ടായിരുന്നു. ഞാന്‍ 2015-ൽ സക്കരിയയെ പരിചയപ്പെട്ടതാണ്. ഞാൻ കോഴിക്കോട് ഒരു പത്രത്തിൽ ജോലി ചെയ്തിരുന്നു, ലേ ഔട്ട് ആര്‍ട്ടിസ്റ്റ് ആയിട്ട്. അന്ന് സക്കരിയ ഒരു അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ ഒരു മുറിയിലാണ് താമസിച്ചിരുന്നത്. സക്കരിയയുടെ സ്ക്രിപ്റ്റുകള്‍ ഞാനാണ് ടൈപ് ചെയ്തിരുന്നത്. സുഡാനി ഫ്രം നൈജീരിയ സക്കരിയ സിനിമയാക്കിയപ്പോള്‍ എന്നെയും ആ ടീമിലേക്ക് വിളിച്ചു. സക്കരിയ വഴിയായിരിക്കും എന്‍റെ ആദ്യ സിനിമ എന്ന് 'സുഡാനി'യുടെ സമയത്ത് തന്നെ എനിക്കറിയാമായിരുന്നു. സക്കരിയ തന്നെയാണ് ഈ പ്രോജക്റ്റ് ഉണ്ടാക്കുന്നതും എന്നെ വിളിക്കുന്നതും.
ജാക്സൺ ബസാര്‍ യൂത്ത് ഏതെങ്കിലും യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള കഥയാണോ?
ഇത് കുറേയധികം യഥാര്‍ത്ഥ സംഭവങ്ങളിൽ നിന്ന് ഉണ്ടായ സിനിമയാണ്, ഒരു വിഷയം മാത്രമല്ല. കഴിഞ്ഞ ആറ് മാസത്തിൽ അല്ലെങ്കിൽ ഒരു വര്‍ഷത്തിനിടയിൽ നമ്മള്‍ എല്ലാവരും കണക്റ്റ് ചെയ്യുന്ന വാര്‍ത്തകളുണ്ടല്ലോ, അത്തരം ഒരു ന്യൂസിനെ അടിസ്ഥാനമാക്കിയാണ് സിനിമ. പക്ഷേ, ആ ന്യൂസിന്‍റെ പേരിലോ റിയലിസ്റ്റിക് സ്റ്റേറ്റ്‍മെന്‍റിലോ ഒന്നുമല്ല നമ്മള്‍ ഇത് സിനിമയാക്കിയത്. വളരെ ഫിക്ഷണലായി, ആളുകളെ എന്‍റര്‍ടെയിൻ ചെയ്യിക്കുന്ന രീതിയിൽ കൊമേഴ്സ്യലായാണ് പടം എടുത്തത്. നാടകപ്രവര്‍ത്തകനായ ഉസ്‍മാന്‍ മാരാത്താണ് ഈ കഥയെഴുതിയത്. ആദ്യ ഡ്രാഫ്റ്റിൽ നിന്ന് പത്ത് പതിനഞ്ച് തവണ നമ്മള്‍ ഇത് മാറ്റിയെഴുതിയിട്ടുണ്ട്. ആദ്യം സിനിമയുടെ ടൈറ്റിൽ പോലും ഇതല്ലായിരുന്നു.
ഷമൽ, സക്കരിയയുടെ സിനിമകളെയാണല്ലോ കൂടുതലും പിന്തുടരുന്നത്. ജാക്സൺ ബസാര്‍ യൂത്ത് നടക്കുന്നത് കൊല്ലത്താണ്. സക്കരിയയുടെ മുൻ സിനിമകളിൽ മലബാര്‍ ആണല്ലോ മിക്കപ്പോഴും പശ്ചാത്തലം. മലബാര്‍ കേന്ദ്രീകരിച്ച് മാത്രം സിനിമകള്‍ ചെയ്യുന്നു എന്നൊരു "പരാതി" നിങ്ങളെക്കുറിച്ച് ചിലര്‍ക്കെങ്കിലുമുണ്ട്. പരിചയമുള്ള പശ്ചാത്തലം എന്നത് തന്നെയാണോ ഇതിന് കാരണം. അതോ ബോധപൂര്‍വ്വം ഒരു പ്രദേശത്തെ അടയാളപ്പെടുത്തുക എന്നതാണോ രീതി?
ഞങ്ങള്‍ മലബാര്‍ ഫോഴ്സ്ഡ് ആയിട്ട് ചൂസ് ചെയ്യുന്നതാണെന്ന് എനിക്ക് തോന്നുന്നില്ല. സുഡാനി ഫ്രം നൈജീരിയ മലബാര്‍ അല്ലാതെ മറ്റൊരു സ്പേസിൽ വര്‍ക്ക് ആകുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ ഒരു ഭൂപ്രദേശത്തെ സിനിമയിൽ അടയാളപ്പെടുത്തുമ്പോള്‍ ആ കഥ ഡിമാൻഡ് ചെയ്യുന്നതും ആകണമല്ലോ. ഹലാൽ ലവ് സ്റ്റോറി, സുഡാനി സിനിമകള്‍ മലപ്പുറത്തും മലബാറിലും വര്‍ക് ആകുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിന്‍റെ പേരിൽ വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ വാദം ഇതായിരുന്നു: ആര്‍ട്ടിന് ചേരുന്നത് ഏത് ഭൂപ്രദേശമാണോ അവിടെയെ ആര്‍ട്ട് വര്‍ക്കാകൂ. ജാക്സൺ ബസാര്‍ യൂത്ത് എനിക്ക് കോഴിക്കോടോ മലപ്പുറത്തോ പറയാം. അപ്പോ അത് മറ്റൊരു സിനിമയാകും. നമ്മള്‍ ഒരു സ്റ്റോറിയെ കൺവിൻസിങ് ആയിട്ട് പറയുക എന്നതാണ് പ്രധാനം. കഥ ഡിമാൻഡ് ചെയ്യുന്നത് ലക്ഷദ്വീപ് ആണെങ്കിൽ നമ്മള്‍ ലക്ഷദ്വീപിൽ പോകണം. ഇതെല്ലാം സബ്ജക്ട് ഓറിയന്‍റഡ് ആണെന്നാണ് എനിക്ക് തോന്നുന്നത്.
ഈ സിനിമയിലെ കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഇന്ദ്രൻസ്, ജാഫര്‍ ഇടുക്കി, ലുക് മാൻ... എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന അഭിനേതാക്കള്‍. എങ്ങനെയാണ് ഇവരിലേക്ക് എത്തിയത്? തീയറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ വലിയ താരമൂല്യമുള്ള ഒരു നടൻ സിനിമയിൽ വേണം എന്ന് ഏതെങ്കിലും സന്ദര്‍ഭത്തിൽ തോന്നിയിരുന്നോ?
ഈ കാര്യത്തിൽ ഞാന്‍ മിക്കപ്പോഴും പിന്തുടരുന്നത് സക്കരിയയുടെ രീതികളാണ്. സിനിമയുടെ ആശയത്തെ അത്രയും വിശ്വസിക്കുക എന്നതാണ് സക്കരിയയുടെ രീതി. നമ്മുടെ കയ്യിലുള്ള സിനിമ അത്രയ്ക്ക് നല്ലതാണെന്ന് നമുക്ക് മനസ്സിലാകുമ്പോള്‍ താരമൂല്യമുള്ള ആര്‍ട്ടിസ്റ്റുകള്‍ നമ്മളെ എക്സൈറ്റ് ചെയ്യിക്കില്ല എന്നതാണ് എനിക്ക് തോന്നുന്നത്. ഇത് എന്‍റെ തോന്നൽ മാത്രമാണ്. ചിലപ്പോള്‍ നമ്മള്‍ എടുക്കുന്ന സിനിമ പരാജയപ്പെട്ടേക്കാം. ജാക്സൺ ബസാര്‍ യൂത്തിൽ വലിയ ഫാൻഫോളോവിങ് ഉള്ള നടന്മാരില്ലാത്തത് കൊണ്ട് മാര്‍ക്കറ്റിങ്ങിൽ ഞാൻ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഉണ്ട്. അതിനപ്പുറത്തേക്ക് ഒരു കോൺഫിഡൻസും ഉണ്ട്. ഈ സിനിമയുടെ സ്ട്രക്ചറും എക്സിക്യൂഷനുമാണ് ആളുകള്‍ ശ്രദ്ധിക്കുക. ഇന്ദ്രൻസ് ചെയ്ത വേഷം വില്ലനാണ്, ഒരു റോ അന്‍റഗോണിസ്റ്റ്. ഇന്ദ്രൻസ് സാധാരണ ചെയ്യുന്ന വേഷങ്ങളിലെ നന്മപ്രവാഹങ്ങള്‍ ഒന്നും ഇല്ലാത്ത വേഷം. ഇന്ദ്രൻസിനെ അങ്ങനെ സ്ക്രീനിൽ കാണിക്കണം എന്നതിൽ എനിക്ക് വലിയ എക്സൈറ്റ്‍മെന്‍റ് ഉണ്ടായിരുന്നു. ആ വേഷം വര്‍ക്കാകുമോയെന്ന് തിരക്കഥാകൃത്ത് വരെ സംശയം പ്രകടിപ്പിച്ചിരുന്നു. ജാഫര്‍ ഇടുക്കി എക്സ്‍ട്രീം പെര്‍ഫോമൻസാണ് ഈ സിനിമയിൽ. ജെനുവിൻ ആയിട്ടാണ് ഞാൻ രണ്ട് നടന്മാരെയും അപ്രോച് ചെയ്തത്. അവര്‍ രണ്ടുപേരും സ്ഥിരം അഭിനയിക്കുന്ന ആളുകളാണ്. പക്ഷേ, ഈ കഥ കേട്ടശേഷം അവര്‍ രണ്ടുപേരും സ്ഥിരം വിളിക്കുമായിരുന്നു. ഇന്ദ്രൻസ് ഷൂട്ടിലായിരുന്ന സമയത്ത് മകനെക്കൊണ്ട് വരെ വിളിപ്പിച്ചിരുന്നു.
ഒരു ബാൻഡ് സെറ്റിനെ ചുറ്റിപ്പറ്റിയാണല്ലോ ജാക്സൺ ബസാര്‍ യൂത്ത്. എങ്ങനെയായിരുന്നു അഭിനേതാക്കളെ ഈ സംഗീത ഉപകരണങ്ങളിൽ പരിശീലിപ്പിച്ചത്?
സിനിമയുടെ ഫസ്റ്റ് ഹാഫിൽ അര മണിക്കൂറാണ് ബാൻഡ് ഉള്ളത്. പ്രധാന വേഷം ചെയ്യുന്ന ജാഫര്‍ ഇടുക്കിയും ലുക് മാനും വായിക്കുന്നത് ട്രംപറ്റ് ആണ്. നമ്മള്‍ എത്ര ശ്വാസം എടുത്ത് വായിച്ചാലും ഒരു തരിപോലും ഒച്ച പുറത്തുവരാത്ത ഒരു ഉപകരണമാണ് ട്രംപറ്റ്. കൊല്ലങ്ങളുടെ തഴക്കംവേണം അത് വായിക്കാന്‍. ലുക് മാൻ 25 ദിവസം ഷൂട്ടിലുണ്ടായിരുന്നു. അത്ര ദിവസമെടുത്തിട്ടും ഷൂട്ടിങ് അവസാനിക്കുന്ന ദിവസമാണ് ചെറിയൊരു ശബ്ദമെങ്കിലും ലുക് മാൻ വായിച്ച ട്രംപറ്റിൽ നിന്ന് പുറത്തുവന്നത്. പക്ഷേ, ജാഫര്‍ ഇടുക്കി ഇതുപോലെ കുറെ ഇൻസ്ട്രുമെന്‍റുകളുടെ മിമിക്രി ചെയ്യും. ഇതിന്‍റെ നോബ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ പുള്ളിക്ക് അറിയാം. ജാഫര്‍ ഇടുക്കി ഭയങ്കര ലോക്കൽ ആയ ഒരു മനുഷ്യനാണ്. എല്ലാ മനുഷ്യരോടും ഇടപെട്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പുള്ളിക്ക് അറിയാം. പിന്നെ ഈ സിനിമയിൽ ഒരു ബാൻഡ് മത്സരം ഒന്നുമില്ല. സിനിമയുടെ പ്രതലം തന്നെ മറ്റൊന്നാണ്.
സംഗീതത്തിന് വളരെ പ്രധാന്യമുള്ള സിനിമയിൽ ഗോവിന്ദ് വസന്തയാണ് മ്യൂസിക് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഗോവിന്ദിനെ തെരഞ്ഞെടുത്തത്?
ഞാന്‍ കോളേജിൽ പഠിക്കുന്ന സമയത്താണ് ഗോവിന്ദ് വസന്ത ബാക്ഗ്രൗണ്ട് സ്കോര്‍ ചെയ്ത 'നോർത്ത് 24 കാതം' ഞാൻ കാണുന്നത്. ആ സിനിമയുടെ ക്ലൈമാക്സ് രംഗത്തെ മ്യൂസിക് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അന്ന് തന്നെ ഞാൻ തീരുമാനിച്ചു, ഞാൻ ഒരു സിനിമ ചെയ്താൽ ഗോവിന്ദിനെക്കൊണ്ട് സ്കോര്‍ ചെയ്യിക്കും എന്ന്. അന്ന് മുതൽ ഞാൻ ഗോവിന്ദിന് മെസ്സേജ് അയക്കുന്നുണ്ട്. സൗണ്ട്ക്ലൗഡിൽ നോർത്ത് 24 കാതത്തിലെ ട്രാക്കിൽ ഇപ്പോഴും എന്‍റെ കമന്‍റ് കിടപ്പുണ്ട്. ഗോവിന്ദ് വളരെ അണ്ടര്‍റേറ്റഡ് ആയ ഒരാളാണ്. സിനിമയിൽ മ്യൂസിക് ചെയ്യുന്നതിന് അപ്പുറത്തേക്ക് പുള്ളീടെ കൂടെ വര്‍ക് ചെയ്യണം എന്നതായിരുന്നു എന്‍റെ അഗ്രഹം. ഗോവിന്ദ് വസന്ത ഫാൻബോയ് ആണ് ഞാൻ. നമുക്ക് എല്ലാവര്‍ക്കും ഇതുപോലെ മോഹങ്ങള്‍ ഉണ്ടാകില്ലേ. എന്‍റെ ഒരു മോഹമായിരുന്നു ഗോവിന്ദിന്‍റെ കൂടെ വര്‍ക് ചെയ്യുക എന്നത്.
തീയറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന സിനിമകള്‍ ഉണ്ടാകുന്നില്ല എന്നൊരു സംസാരം പൊതുവെയുണ്ടല്ലോ. അതിന് പലരും കുറ്റപ്പെടുത്തുന്നത് മലയാളത്തിൽ അടുത്തിടെയിറങ്ങുന്ന ഫീൽ ഗുഡ് സിനിമകളെയാണ്. സക്കരിയ ഉൾപ്പെടുന്ന സംവിധായകരെ ഇതിൽ വിമര്‍ശിക്കുന്നവരുമുണ്ട്. ഇതേക്കുറിച്ച് ഷമൽ എന്താണ് കരുതുന്നത്?
തീയറ്ററിൽ വര്‍ക്കാകുന്ന ഒരു സിനിമയാണ് ജാക്സൺ ബസാര്‍. മൊത്തത്തിൽ സംസാരിക്കുകയാണെങ്കിൽ ഇപ്പോള്‍ ഈ 'പ്രകൃതിപ്പടം' എന്ന് പറഞ്ഞ് കളിയാക്കുന്ന സിനിമകള്‍ - മഹേഷിന്‍റെ പ്രതികാരം, സുഡാനി... - ഇതെല്ലാം തീയറ്റിൽ ഹിറ്റായ സിനിമകളാണ്. ഓരോ കാലഘട്ടത്തിലും ആളുകളുടെ താൽപര്യങ്ങള്‍ മാറും. മനുഷ്യന്‍റെ ബോധതലത്തിൽ തന്നെയുള്ള ഒന്നാണത്. ഇപ്പോള്‍, തല്ലുമാല എന്നൊരു പടം വന്നില്ലേ, അത് ഭയങ്കരമായി കളക്റ്റ് ചെയ്തില്ലേ. അര്‍ഹതയുണ്ടായിട്ടും ഓടാത്ത പടമുണ്ടോ? രോമാഞ്ചം കളക്റ്റ് ചെയ്തു, പ്രണയ വിലാസം ഓടിയല്ലോ. തീയറ്റര്‍ സിനിമകള്‍ ഒ.ടി.ടി സിനിമകള്‍ എന്നിങ്ങനെ രണ്ട് വര്‍ഗ്ഗമായി സിനിമകള്‍ മാറിയിട്ടുണ്ട്. അതൊരു വസ്തുതയാണ്. സിനിമകളുടെ ക്വാളിറ്റിയാണ് പ്രധാനം. മാസ്സ് സിനിമകളാണ് പ്രേക്ഷകര്‍ക്ക് വേണ്ടത് എന്നൊന്നുമില്ല. ആഷിഖ് അബുവോ ശ്യാം പുഷ്‍കരനോ ഒരു ഗംഭീര തിരക്കഥ കൊണ്ടുവന്നാൽ ഇപ്പോഴത്തെ വാദങ്ങളെല്ലാം നേരെ തിരിയും. മലയാളത്തിലെപ്പോലെ ഇത്രയും സെൻസിബിളായ ഓഡിയൻസ് വേറെയില്ല. അവരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്, അത് അബദ്ധമാണ്.
സോഷ്യൽ മീഡിയയിൽ സിനിമ റിവ്യൂകളോട്, പ്രത്യേകിച്ചും നെഗറ്റീവ് റിവ്യൂകളോട് പല സംവിധായകരും അസഹിഷ്‍ണുതയോടെയാണല്ലോ പ്രതികരിക്കുന്നത്. ഷമൽ റിവ്യൂകളെ എങ്ങനെയാണ് സമീപിക്കുന്നത്?
ഉറപ്പായും പോസിറ്റീവ് റിവ്യൂകളാണല്ലോ നമ്മള്‍ ആഗ്രഹിക്കൂ. ഇപ്പോള്‍ തന്നെ, ജാക്സൺ ബസാര്‍ യൂത്തിന്‍റെ പോസ്റ്റര്‍ വരുന്നു. ഞാന്‍ ഓരോ കമന്‍റും വായിച്ചുനോക്കും. ഒരു നെഗറ്റീവ് കമന്‍റ് വന്നാൽ തന്നെ എനിക്ക് സഹിക്കാൻ കഴിയില്ല. നമ്മളെല്ലാം വൾനറബിള്‍ വ്യക്തികളല്ലേ. പക്ഷേ, ഇതിൽ ഇമോഷണൽ ആയിട്ട് കാര്യമില്ല. അത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്. നമുക്ക് അത് തിരുത്താന്‍ പറ്റില്ല. പണ്ടും സിനിമകളിൽ ആളുകള്‍ അഭിപ്രായം പറയുന്നുണ്ട്, ഇന്നത്തെപ്പോലെ റിവ്യൂസ് ഇല്ലെന്നേയുള്ളൂ. പടം മോശമാണെന്ന് പ്രേക്ഷകരോ നിരൂപകരോ പറഞ്ഞാൽ അതിൽ ക്ഷോഭിച്ചിട്ട് കാര്യമില്ല. നമ്മള്‍ ആ അഭിപ്രായം മാനിക്കുക, മൂവ് ഓൺ... അതിൽ അല്ലാതെ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
(അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍)