Alone Movie : 'ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ', 'എലോൺ' തിയറ്റര്‍ റിലീസ് പറ്റില്ലെന്ന് ഷാജി കൈലാസ്
എലോണിൽ ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ മാത്രമാണെന്നും ഒരു ഫ്ലാറ്റിനകത്താണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് പറയുന്നു.
12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഈ അവസരത്തിൽ എലോണിനെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
എലോണിൽ ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ മാത്രമാണെന്നും ഒരു ഫ്ലാറ്റിനകത്താണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് പറയുന്നു. ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ലാഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ പറഞ്ഞു. കടുവ സിനിമയുമായി നടന്ന പ്രമോഷനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"എലോൺ രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് ദൈർഘ്യം. ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ ആണ്. എലോൺ കൊവിഡ് സമയത്ത്, ഒരു ഫ്ലാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററിൽ കൊണ്ടുവരാൻ പറ്റില്ല. വന്നാൽ നിങ്ങൾ ലാഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്. രണ്ട് തിയറ്ററിലെങ്കിലും ഇറക്കി നോക്കാമെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നുണ്ട്", എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.
'മോഹന്‍ലാലുമായി അടുത്തൊരു ഹെവി പടമായിരിക്കും, സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ്'; ഷാജി കൈലാസ്
2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ പ്രധാന അണിയറക്കാര്‍. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.