'ആശിര്‍വാദിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ ഒരുങ്ങുന്നു'; പുതിയ പ്രോജക്റ്റുകളെക്കുറിച്ച് ഷാജി കൈലാസ്
"മമ്മൂട്ടിക്ക് ആണെങ്കില്‍ പ്രത്യേക പാറ്റേണിലുള്ള വ്യത്യസ്ത സിനിമയാണ് വേണ്ടത്"
നീണ്ട ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയില്‍ ഷാജി കൈലാസ് സജീവമാവുകയാണ്. 2022 ല്‍ അദ്ദേഹത്തിന്‍റേതായി രണ്ട് ചിത്രങ്ങളാണ് പുറത്തെത്തിയത്. രണ്ടിലും നായകനായത് പൃഥ്വിരാജ്. കടുവയും കാപ്പയും. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ എലോണ്‍ റിലീസിന് ഒരുങ്ങുന്നു. ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹണ്ട് ചിത്രീകരണഘട്ടത്തിലുമാണ്. പ്രേക്ഷകാഭിരുചി മാറിയ കാലത്തിനൊപ്പം ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് താനെന്ന് ഷാജി കൈലാസ് പറയുന്നു. വരാനിരിക്കുന്ന പ്രോജക്റ്റുകളിലൊന്ന് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണെന്നും പറയുന്നു അദ്ദേഹം. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസിന്‍റെ പ്രതികരണം.
ആശിര്‍വാദ് സിനിമയുടെ ബാനറില്‍ മോഹന്‍ലാല്‍ നായകനാവുന്ന പുതിയ സിനിമയുടെ തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് ആണെങ്കില്‍ പ്രത്യേക പാറ്റേണിലുള്ള വ്യത്യസ്ത സിനിമയാണ് വേണ്ടത്. അദ്ദേഹത്തിന് പറ്റിയ വിഷയം ലഭിച്ചാല്‍ എടുക്കും. പൃഥ്വിരാജിനെ നായകനാക്കി തുടര്‍ച്ചയായി രണ്ട് സിനിമകള്‍ എടുത്ത സാഹചര്യത്തില്‍ ഇനി ഉടനെ ഇല്ല. ഒരു വര്‍ഷം എങ്കിലും കഴിഞ്ഞേ ഇനി ഞങ്ങള്‍ ഒന്നിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ, ഷാജി കൈലാസ് പറയുന്നു.
ALSO READ : 'സന്നിധാനം പി ഒ'; ശബരിമല പശ്ചാത്തലമാക്കി പാന്‍ ഇന്ത്യന്‍ ചിത്രം വരുന്നു
ഷാജി കൈലാസ്- പൃഥ്വിരാജ് ടീമിന്‍റെ കാപ്പ പ്രശസ്ത കഥാകൃത്ത് ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളാണ്. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക.