ജോണ്‍ സീന വക ഷാരൂഖിന് സര്‍പ്രൈസ്; കിടലന്‍ മറുപടിയുമായി ഷാരൂഖും.!
വൈറലായ വീഡിയോയില്‍ ഇന്ത്യക്കാരനായ ട്രെയിനര്‍ പാടുന്ന പാട്ട് ജോണ്‍ ഏറ്റുപാടുകയാണ്.
മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഞെട്ടിക്കുന്ന ഒരു സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഷാരൂഖ് ഖാന്‍റെ ദില്‍ തോ പാഗല്‍ ഹേ എന്ന ചിത്രത്തിലെ ബോലി സീ സൂറത്ത് എന്ന ഗാനം ലോക പ്രശസ്ത ഡബ്യൂ ഡബ്യൂ ഇ താരം ജോണ്‍ സീന ആലപിക്കുന്നതായിരുന്നു അത്. ഹോളിവുഡ് ആക്ഷന്‍ ഹീറോ കൂടിയായ സീന കുറച്ചു ദിനങ്ങളായി ഇന്ത്യയിലുണ്ട്.
വൈറലായ വീഡിയോയില്‍ ഇന്ത്യക്കാരനായ ട്രെയിനര്‍ പാടുന്ന പാട്ട് ജോണ്‍ ഏറ്റുപാടുകയാണ്. 'എവിടെ എന്ത് പഠിക്കണം എന്ന് വളരുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഐഡിയ കിട്ടില്ല. ഞാന്‍ ഇവിടെ ജിമ്മിലാണ്. അതിനാല്‍ ഞാന്‍ വളര്‍ച്ചയുടെ പാതയിലാണ്. പക്ഷെ ഇവിടെ പല വഴികള്‍ ഉണ്ട്. അതിനാല്‍ ഇത്തവണ പാട്ട് പഠിക്കാന്‍ ശ്രമിക്കുകയാണ്' എന്ന് പറഞ്ഞാണ് സീന ഷാരൂഖിന്‍റെ പാട്ട് പാടുന്നത്.
ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇത് ഷെയര്‍ ചെയ്ത് എക്സ് അക്കൗണ്ട് വഴി ഷാരൂഖ് പ്രതികരിച്ചു. "പാടിയ രണ്ടുപേര്‍ക്കും നന്ദിയുണ്ട്. നിങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നുജോണ്‍ സീന. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഡ്യൂയറ്റ് പാടാന്‍ എന്‍റെ ഒരു പുതിയ ഗാനം അയച്ചുതരാം" - ഷാരൂഖ് എക്സ് അക്കൗണ്ടില്‍ പ്രതികരിച്ചു.
ഉദിത് നാരായണും ലതാ മങ്കേഷ്‌കറും ചേർന്ന് പാടിയ 'ഭോലി സി സൂറത്ത്' എന്ന ഗാനം പുറത്തിറങ്ങി പതിറ്റാണ്ടുകൾക്ക് ശേഷവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ഗാനമാണ് ഇത്. 'ദിൽ തോ പാഗൽ ഹേ' ഷാരൂഖിന്‍റെ വന്‍ ഹിറ്റായ ചിത്രമാണ്. നിരവധി ഫിലിംഫെയർ അവാർഡുകളും നേടി. യാഷ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്.
എന്തായാലും പിന്നാലെ ഷാരൂഖിന് നന്ദി പറഞ്ഞ് ജോണ്‍ സീനയും എക്സ് പോസ്റ്റ് ചെയ്തു. ഷാരൂഖിന്‍റെ എക്സ് പോസ്റ്റ് റീപോസ്റ്റ് ചെയ്ത് ജോണ്‍ സീന പറഞ്ഞത് ഇതാണ്, "നിങ്ങൾ വളരെയധികം സന്തോഷം നൽകി, നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി".