യുഎസില്‍ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനായി

ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം

shah rukh khan undergone surgery in us jawan movie nsn

ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. ഒരു പ്രോജക്റ്റുമായി ബന്ധപ്പെട്ട് യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് ഷാരൂഖ് ഖാന് പരിക്കേറ്റതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂക്കിന് പരിക്കേറ്റ് രക്തസ്രാവമുണ്ടായ അദ്ദേഹത്തെ ഒരു മൈനര്‍ സര്‍ജറിക്ക് വിധേയനാക്കുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം നിലവില്‍ മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്.

രക്തസ്രാവം നിര്‍ത്താന്‍ സര്‍ജറി ആവശ്യമാണെന്നും എന്നാല്‍ ഭയപ്പെടാനൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ഷാരൂഖുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കാനായതിന്‍റെ ആഹ്ലാദത്തിലാണ് ഷാരൂഖ് ഖാന്‍. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് അദ്ദേഹം സിനിമയില്‍ നിന്ന് നാലര വര്‍ഷത്തെ ഇടവേള എടുത്തിരുന്നു. പിന്നീട് എത്തിയ ചിത്രമാണ് പഠാന്‍. ഷാരൂഖ് ഖാന്‍റെയും ഒപ്പം കൊവിഡ് കാലത്ത് തകര്‍ച്ച നേരിട്ട ബോളിവുഡ് വ്യവസായത്തിന്‍റെയും തിരിച്ചുവരവായി മാറി പഠാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടിയിലേറെയാണ് പഠാന്‍ നേടിയത്.

അതേസമയം ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം. നയന്‍താരയാണ് ചിത്രത്തിലെ നായിക. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം.  'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

ALSO READ : 'ഗുരുവേ' എന്ന് വിളിച്ച് അഖില്‍ മാരാര്‍, കെട്ടിപ്പിടിച്ച് ജോജു: വീഡിയോ

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios