'പഠാൻ' എങ്ങനെയുണ്ട്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്, ആവേശത്തിരയില്‍ ആരാധകര്‍
'പഠാൻ' കണ്ടവര്‍ പ്രതികരണവുമായി രംഗത്ത്.
ഇന്ന് ആരാധകര്‍ക്ക് 'പഠാന്റെ' ദിവസമാണ്. ഷാരൂഖ് ഖാന്റെ തിരിച്ചുവരവാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നു. ഷാരൂഖ് ഖാന്റെ കരിയര്‍ ബെസ്റ്റാണ് ചിത്രം എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം. 'പഠാനി'ല്‍ അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് എന്നും പ്രതികരണങ്ങള്‍ വരുന്നു.
നായകനായി ഷാരൂഖ് ഖാൻ ഒരിടവേളയ്‍ക്ക് ശേഷം എത്തിയ 'പഠാൻ പ്രതീക്ഷകള്‍ നിറവേറ്റുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ട മിക്കവരും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്. ബ്ലോക്ബസ്റ്റര്‍ ആയിരിക്കും ഷാരൂഖ് ഖാൻ ചിത്രം എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്യുന്നു. ഷാരൂഖ് ഖാൻ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. ദീപിക പദുക്കോണിന്റേയും ഗംഭീര പ്രകടനമാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായങ്ങള്‍.
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.
Read More: 'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ