'പഠാന്‍' ഇപ്പോഴേ തകര്‍ന്നു, സിനിമയില്‍ നിന്ന് വിരമിച്ചൂടേയെന്ന് ചോദ്യം; ഷാരൂഖ് ഖാന്‍റെ മറുപടി ട്രെന്‍ഡിംഗ്
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍ ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും
ആരാധകരുമായുള്ള തന്‍റെ ബന്ധത്തിന് ഏറെ പ്രാധാന്യം കൊടുക്കാറുള്ള താരമാണ് ഷാരൂഖ് ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുള്ള അദ്ദേഹം ആ പ്ലാറ്റ്ഫോമുകളിലൂടെ പലപ്പോഴും അവരുമായി സംവദിക്കാറുമുണ്ട്. asksrk എന്ന ഹാഷ് ടാഗില്‍ അദ്ദേഹം പലപ്പോഴും നടത്താറുള്ള ചോദ്യോത്തര പരിപാടി പ്രശസ്തമാണ്. ഇപ്പോഴിതാ പുതുവര്‍ഷാഘോഷത്തിന്‍റെ ഭാഗമായി ആ ചോദ്യോത്തര പരിപാടി വീണ്ടും നടത്തിയിരിക്കുകയാണ് അദ്ദേഹം. രസകരമായ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടിയെന്ന് ആദ്യമേ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെങ്കിലും ചില ചോദ്യോത്തരങ്ങള്‍ക്ക് ലൈക്കുകളും കമന്‍റുകളും കൂടുതലാണ്.
ഷാരൂഖ് ഖാന്‍റെ അടുത്ത റിലീസ് ആയ പഠാന്‍ ഇതിനകം തന്നെ തകര്‍ന്നുവെന്നും സിനിമയില്‍ നിന്നും വിരമിക്കൂ എന്നുമായിരുന്നു ഒരാളുടെ കമന്‍റ്. ഇതിന് ഷാരൂഖ് ഖാന്‍റെ മറുപടി ഇങ്ങനെ- കുട്ടീ, ഇങ്ങനെയല്ല മുതിര്‍ന്നവരോട് സംസാരിക്കേണ്ടത്. പഠാന് കാണുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നാണ് മറ്റൊരാളുടെ ചോദ്യം. ദൈവമേ, ഈ മനുഷ്യര്‍ വളരെ ആഴമുള്ളവരാണ്. ജീവിതത്തിന്‍റെ ഉദ്ദേശ്യം എന്താണ്? എന്തിന്റെയും ഉദ്ദേശ്യം എന്താണ്? ക്ഷമിക്കണം. ഞാന് അത്തരത്തില്‍ ആഴത്തില്‍ ചിന്തിക്കുന്ന ഒരാളല്ല, എന്നാണ് ഷാരൂഖ് ഖാന്‍റെ മറുപടി.
ഷാരൂഖ് ഖാന്‍റെ ഒരു കടുത്ത ആരാധകന്‍റെയാണ് മറ്റൊരു കമന്‍റ്. നേരില്‍ കാണണമെന്ന് ഏറെനാളായി ആഗ്രഹിക്കുന്നതാണെങ്കിലും ഭിന്നശേഷിക്കാരന്‍ ആയതുകാരണം അതിന് സാധിക്കുന്നില്ലെന്നാണ് കമന്‍റ്. ആരാധകനെ സാന്ത്വനിപ്പിക്കുകയാണ് കിംഗ് ഖാന്‍. ജീവിതം ദൈര്‍ഘ്യമുള്ളതാണെന്നും ഒരിക്കല്‍ എവിടെയെങ്കിലും വച്ച് നമ്മള്‍ കാണുമെന്നുമാണ് അദ്ദേഹത്തിന്‍റെ മറുപടി.
അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍ ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.