'ജവാന്‍' റിലീസിന് മുന്‍പ് ഒരൊറ്റ സ്പോയ്‍ലര്‍ പറയാമോ എന്ന് ആരാധകന്‍; അക്കാര്യം ശ്രദ്ധിക്കണമെന്ന് ഷാരൂഖ് ഖാന്‍

ആസ്‍ക് എസ്ആര്‍കെ ടാഗ് ചേര്‍ത്ത് ആരാധകര്‍ ചോദിച്ചവയില്‍ നിന്ന് തെരഞ്ഞെടുത്തവയ്ക്കാണ് എക്സിലൂടെ കിംഗ് ഖാന്‍ മറുപടി പറഞ്ഞിരിക്കുന്നത്

shah rukh khan answers fans questions on x ask srk atlee nayanthara nsn

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണ് ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെയും നായികയായി എത്തുന്ന നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകത ഉണ്ടെങ്കിലും ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രമെന്നതുതന്നെ ജവാന്‍റെ പ്രധാന ആകര്‍ഷണം. പഠാന്‍റെ വന്‍ വിജയത്തിന് ശേഷമുള്ള കിംഗ് ഖാന്‍ ചിത്രം എന്നതിനാല്‍ ബോളിവുഡിന് ഈ പ്രോജക്റ്റിന് മേലുള്ള പ്രതീക്ഷ ഏറെ വലുതാണ്. ഇപ്പോഴിതാ സമൂഹമാധ്യമമായ എക്സില്‍ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

ആസ്ക് എസ്ആര്‍കെ ടാഗ് ചേര്‍ത്ത് ആരാധകര്‍ ചോദിച്ചവയില്‍ നിന്ന് തെരഞ്ഞെടുത്തവയ്ക്കാണ് എക്സിലൂടെത്തന്നെ കിംഗ് ഖാന്‍ മറുപടി പറഞ്ഞിരിക്കുന്നത്. റിലീസിന് മുന്‍പ് ചിത്രത്തെക്കുറിച്ച് ഒരു സ്പോയ്ലര്‍ തരാമോ എന്നാണ് ബാബര്‍ എന്ന ആരാധകന്‍റെ ചോദ്യം. താന്‍ ഭാര്യയുമൊത്ത് ഹോങ് കോങില്‍ ചിത്രം കാണുമെന്നും ടിക്കറ്റ് ഇതിനകം ബുക്ക് ചെയ്തെന്നും ഇദ്ദേഹം പറയുന്നു. ചിത്രം കാണുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഇതിനോടുള്ള ഷാരൂഖ് ഖാന്‍റെ പ്രതികരണം. സിനിമയുടെ തുടക്കം ദയവായി മിസ് ആകാതെ നോക്കൂ. സമയത്ത് എത്തൂ, എന്നാണ് എസ്ആര്‍കെയുടെ മറുപടി. തുടക്കത്തില്‍ പ്രാധാന്യമുള്ള എന്തോ ഉണ്ട് എന്ന അനുമാനത്തിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

 

നയന്‍താരയുമായുള്ള വര്‍ക്കിംഗ് എക്സ്പീരിയന്‍സിനെക്കുറിച്ചാണ് മറ്റൊരു ചോദ്യം. അതിനുള്ള ഷാരൂഖ് ഖാന്‍റെ മറുപടി ഇങ്ങനെ- സുന്ദരിയും ഗംഭീര അഭിനേതാവുമാണ് അവര്‍. സ്വന്തം കഥാപാത്രത്തിലേക്ക് ഒരുപാട് കാര്യങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് അവര്‍. അവരുടെ തമിഴ്നാട്ടിലെ ആരാധകര്‍ ഒരിക്കല്‍ക്കൂടി അവരെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദി പ്രേക്ഷകര്‍ അവരുടെ കഠിനാധ്വാനത്തെ അംഗീകരിക്കുമെന്നും, ഷാരൂഖ് ഖാന്‍ പറയുന്നു. 

അതേസമയം ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കുതിക്കുകയാണ്. രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളായ പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നിവയിലായി ആകെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതിനകം വിറ്റിരിക്കുന്നത്. ഏഴാം തീയതിയാണ് റിലീസ്.

ALSO READ : 'ഇത്രയും ഊര്‍ജ്ജം'; മോഹന്‍ലാലിന്‍റെ നൃത്തം പങ്കുവച്ച് ബോളിവുഡ് നായിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios