ഷാരൂഖിന്റെ 'കിംഗ്' പറഞ്ഞു കേട്ട സംവിധായകന്‍ ഔട്ട്; പുതിയ സംവിധായകന്‍ ഷാരൂഖിന്‍റെ 'ഹിറ്റ് മേക്കര്‍' !
ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'കിംഗ്' സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണെന്ന് റിപ്പോർട്ട്. സുജോയ് ഘോഷ് ചിത്രത്തിൽ നിന്നും പിന്മാറിയതായാണ് വിവരം. 2026ൽ ചിത്രം റിലീസ് ചെയ്യും.
മുംബൈ: ഡങ്കി എന്ന ചിത്രത്തിന് ശേഷം വലിയൊരു ഇടവേളയിലാണ് ഷാരൂഖ് ഖാന്‍. കിംഗ് എന്ന സിനിമയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം എന്നത് ഏതാണ്ട് തീരുമാനം ആയതാണ്. ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ, സുഹാന ഖാൻ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന് ഇപ്പോൾ ഒരു പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
കഹാനി സംവിധായകൻ സുജോയ് ഘോഷാണ് കിംഗ് സംവിധാനം ചെയ്യുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സുജയ് ഘോഷ് ചിത്രത്തില്‍ നിന്നും പുറത്തായെന്നും ഷാരൂഖിനെ വച്ച് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത്.
"ഹിന്ദി സിനിമയിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഷാരൂഖ് ഖാനും സിദ്ധാർത്ഥ് ആനന്ദും, കിംഗിൽ വീണ്ടും ഒന്നിക്കുന്നതിന് ഒരുങ്ങുകയാണ്. ഈ ആക്ഷൻ പായ്ക്ക്ഡ് എന്‍റര്‍ടെയ്നറിന്‍റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ 6 മാസമായി നടന്നുവരികയാണ്", അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
"സിദ്ധാർത്ഥ് ആനന്ദും സംഘവും ചിത്രത്തിന് വേണ്ടി വലിയ റിസര്‍ച്ചിലാണ്, കൂടാതെ അന്താരാഷ്ട്ര പ്രശസ്തരായ സ്റ്റണ്ട് ഡയറക്ടർമാരോടൊപ്പം പാത്ത് ബ്രേക്കിംഗ് ആക്ഷൻ സീക്വൻസുകളും ചിത്രത്തിനായി രൂപകൽപ്പന ചെയ്തിട്ടുണ്ട്" എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നത്. കിംഗ് 2025 മാർച്ചിൽ ഷൂട്ടിംഗ് ആരംഭിച്ചേക്കും എന്നാണ് വിവരം.
ഇന്ത്യയില്‍ മാത്രം 500 കോടി ക്ലബ്ബിൽ പ്രവേശിച്ച ആദ്യത്തെ ഹിന്ദി ചിത്രമായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥ് ആനന്ദ് ഷാരൂഖ് ചിത്രം പഠാന്‍.
"സിദ്ധാർത്ഥ് ആനന്ദ്, സുരേഷ് നായർ, സാഗർ പാണ്ഡ്യ എന്നിവർക്കൊപ്പം സുജോയ് ഘോഷാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഭാഷണ രചയിതാവായി അബ്ബാസ് ടൈരേവാലയെ ഉൾപ്പെടുത്തിയിട്ടുണ്ട്." എന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സുജയ് ഘോഷ് ആദ്യം ചിത്രം സംവിധാനം ചെയ്യാന്‍ ഇരുന്നെങ്കിലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം.
ആറു മാസം നീളുന്ന ഒറ്റ ഷെഡ്യൂളില്‍ ചിത്രം തീര്‍ക്കുമെന്നും. ലോകത്തിലെ പല സ്ഥലങ്ങളിലും ഇതിന്‍റെ ഷൂട്ടിംഗ് നടക്കുമെന്നും. 2026 ല്‍ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകും എന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.