കഥാഗതിയിൽ അടക്കം മാറ്റം: സംസ്ഥാനത്ത് സീരിയൽ ചിത്രീകരണം പുനരാരംഭിച്ചു
ലോക്ക്ഡൗണിനെ തുടർന്ന് രണ്ടുമാസത്തിലേറെയായി നിർത്തി വച്ച സീരിയലുകൾ വീണ്ടും ചിത്രീകരണം തുടങ്ങുന്നത് അടിമുടി മാറ്റവുമായാണ്
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് തടസപ്പെട്ട സീരിയൽ ചിത്രീകരണം സംസ്ഥാനത്ത് പുനരാരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആളുകളുടെ എണ്ണം കുറച്ചതിനാൽ കഥാഗതിയിൽ തന്നെ മാറ്റം വരുത്തിയാണ് സീരിയലുകൾ എത്തുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളെല്ലാം ഇന്നലെ മുതൽ വീണ്ടും സംപ്രേക്ഷണം തുടങ്ങി.
ലോക്ക്ഡൗണിനെ തുടർന്ന് രണ്ടുമാസത്തിലേറെയായി നിർത്തി വച്ച സീരിയലുകൾ വീണ്ടും ചിത്രീകരണം തുടങ്ങുന്നത് അടിമുടി മാറ്റവുമായാണ്. മാസ്കും സാനിറ്റൈസറുമൊക്കെ തിരക്കഥയിലില്ലാത്ത പുതിയ കഥാപാത്രങ്ങളായി. പ്രധാന റോളുകളിലുളളവർ പലയിടത്തും പെട്ടുപോയി. അത് മറികടക്കാൻ അണിയറ പ്രവർത്തകർ പുതുവഴികൾ കണ്ടെത്തി
പുതിയ സാഹചര്യത്തിൽ സീരിയലിലെ വൈകാരിക രംഗങ്ങൾ പോലും സാമൂഹിക അകലം പാലിച്ച് നടപ്പിലാക്കേണ്ട സ്ഥിതിയാണ്. കൂട്ടുകുടുംബങ്ങളുടെ കഥകളിൽ ആളുകളുടെ എണ്ണം കുറച്ചു. വിരലിലെണ്ണാവുന്ന അണിയറ പ്രവർത്തകർ മാത്രമാണ് ഉള്ളത്.
സംസ്ഥാനത്ത് സിനിമാ-സീരിയൽ ഷൂട്ടിങിന് ഇന്നലെയാണ് ഇളവ് അനുവദിച്ചത്. ഔട്ട്ഡോർ ഷൂട്ടിങിന് വിലക്കുണ്ട്. ഇൻഡോർ ഷൂട്ടിങ് പരമാവധി 50 പേരെ വച്ച് സാമൂഹിക അകലം അടക്കം പാലിച്ച് കൊണ്ട് നടപ്പിലാക്കാനാണ് സർക്കാർ അനുവാദം നൽകിയത്.