'വിജയ്യ്‍ക്കും ഉത്തരവാദിത്തമുണ്ട്', 'ലിയോ'യുടെ പേരിനെ ചൊല്ലി പുതിയ വിവാദം
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിന്റെ പേര് വിവാദത്തില്‍.
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ലിയോ'യ്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് 'ലിയോ'യുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ 'ലിയോ'യുടെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട്, സംവിധായകനും രാഷ്‍ട്രീയ നേതാവുമായ സീമൻ രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത. സിനിമയുടെ പേര് ഇംഗീഷ് ഭാഷയില്‍ ആയതാണ് സീമനെ ചൊടിപ്പിച്ചത്.
തമിഴ്‍നാട്ടുകാര്‍ മാത്രമാണ് ആ സിനിമ കാണുക, മാത്രവുമല്ല നമ്മുടെ മാതൃഭാഷയെ സംരക്ഷിക്കേണ്ടതുമുണ്ട്. അതിന്റെ ഉത്തരവാദിത്തം വിജയ്‍ക്കും ഉണ്ട്. കുറച്ച് കാലം തമിഴ് പേരുകള്‍ മാത്രമായിരുന്നു സിനിമയ്‍ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതിന് മാറ്റം വരികയും ഇംഗ്ലീഷിലുള്ള 'ബിഗില്‍' പോലുള്ള പേരുകള്‍ ഇടുകയും ചെയ്യുന്നുണ്ടെന്ന് സീമൻ പറഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യ്‍ക്കൊപ്പം തൃഷ, ഗൗതം വാസുദേവ് മേനോൻ, പ്രിയ ആനന്ദ്, സഞ്‍ജയ് ദത്ത്, മിഷ്‍കിൻ, മാത്യു തോമസ് തുടങ്ങിയവരും അഭിനയിക്കുന്നു.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.
Read More: മാളവിക മോഹനന്റെ 'ക്രിസ്റ്റി' ഇനി ഒടിടിയില്‍, റിലീസ് പ്രഖ്യാപിച്ച് പുതിയ ട്രെയിലര്‍