ഫാന്റസിയും പ്രണയവും നിറച്ച 'സീക്രട്ട് ഗാർഡൻ', ഒപ്പം ഹ്യൂ ബിന്നിന്റെ താരോദയവും

'സീക്രട്ട് ഗാർഡൻ' എന്ന കെ ഡ്രാമയുടെ റിവ്യു.

Secret Garden Korean Drama review

ജനപ്രിയതയിലും പുരസ്‍കരങ്ങളിലും വലിയ നേട്ടം ഉണ്ടാക്കിയ പരമ്പരയാണ് 'സീക്രട്ട് ഗാർഡൻ'. ഹ്യൂ ബിൻ എന്ന നടനെ നാട്ടിലെ തരംഗം ആക്കിയ പരമ്പര. റേറ്റിങ് പട്ടികയിലെ മുന്നേറ്റം മാത്രമല്ല ജനപ്രിയതയുടെ അളവുകോൽ ആയി പറഞ്ഞത്. സീരീസ് ഉത്പന്ന, വിപണനരംഗത്തും ചലനങ്ങൾ ഉണ്ടാക്കി.

സിനിമയിലും ഡ്രാമയിലും ഒക്കെ സംഘട്ടന രംഗങ്ങൾ ചെയ്യുന്ന ടീമിലെ അംഗമാണ് ഗിൽ രാ ഇം. ഒരു അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മരിച്ചതിന് പിന്നാലെ കഷ്‍ടപ്പെട്ടാണ് അവൾ ജീവിച്ചത്. ഒരു കൂട്ടുകാരിക്കൊപ്പം ഒരു കുഞ്ഞു ഫ്ലാറ്റിൽ സ്വാഭിമാനത്തോടെ അവൾ ജീവിക്കുന്നു. സ്റ്റണ്ട് ടീമിന്റെ മാനേജർ ആണ് അവളുടെ ഗുരുവും വഴികാട്ടിയും. ടീമിൽ ഉള്ളവർ സുഹൃത്തുക്കളും.  പാട്ടുകാരൻ ഓസ്‍ക ആണ് അവളുടെ ഏറ്റവും വലിയ ആരാധനാപാത്രം.   

Secret Garden Korean Drama review

ഒരു വിവാദത്തിൽ നിന്ന് ഓസ്‍കയെ തലയൂരിച്ച് കൊണ്ടുവരാൻ എത്തുകയാണ് കിം ജൂ വുൺ.  ഓസ്‍കയുടെ കസിനായ കിം ജൂ വുൺ ഒരു വലിയ കമ്പനിയുടെ സിഇഒ ആണ്. എല്ലാത്തിനേയും കൂൾ ആയി നേരിടുന്ന രാം ഇം, ജു വൂണിന്റെ ശ്രദ്ധ ആകർഷിക്കുന്നു. ആദ്യത്തെ ചില ചില്ലറ തെറ്റിദ്ധാരണകൾക്ക് പിന്നാലെ രണ്ടുപേർക്കും പരസ്‍പരം ഇഷ്‍ടം തോന്നുന്നു. ഇവിടെയാണ് കഥയുടെ ഗതി മാറുന്ന ചില കാര്യങ്ങൾ സംഭവിക്കുന്നത്. രണ്ടു പേരുടെയും ആത്മാക്കൾ പരസ്‍പരം മാറുന്നു. രാം ഇമ്മിന്റെ ശരീരത്തിൽ ജു വൂണും അയാളുടെ ശരീരത്തിൽ രാം ഇം. പോരേ പൂരം. തികച്ചും വ്യത്യസ്‍തമായ സ്വഭാവവും പെരുമാറ്റവും ഇഷ്‍ടാനിഷ്‍ടങ്ങളും ജീവിതവും ഉള്ള രണ്ടു പേർ. അവർ വെവ്വേറെ ആളായി ജീവിക്കേണ്ടി വരിക. പരമ്പരയിൽ കാഴ്‍ചക്കാരെ പിടിച്ചിരുത്തിയത് രസകരമായ ഈ സാഹചര്യമാണ്. ജു വൂൺ ആയി എത്തുന്ന രാം ഇം കമ്പനിയിൽ മാറ്റങ്ങൾ വരുത്തുന്നു, സ്വന്തം ശരീരം തിരിച്ചു കിട്ടി കമ്പനിയിൽ എത്തുന്ന നേരത്ത് ജു വൂൺ അന്തം വിടുന്നു, തങ്ങളുടെ മുതലാളിക്ക് ഇടക്കിടെ വരുന്ന മാറ്റങ്ങൾ കണ്ട് സഹപ്രവർത്തകരും ജീവനക്കാരും അന്തംവിടുന്നു. സ്റ്റണ്ട് രംഗങ്ങളിൽ ചില സമയത്ത് രാം ഇമ്മിന് എന്ത് സംഭവിക്കുന്നു എന്ന് അവളുടെ ടീമിൽ ഉള്ളവർ തല പുകക്കുന്നു. മുറി പങ്കിടുന്ന സ്നേഹിതയുടെ കാര്യം ഓർത്ത്  ജൂ വൂണിലുള്ള രാം ഇം ഭയക്കുന്നു. അങ്ങനെ സാഹചര്യം ഒരുക്കുന്ന തമാശരംഗങ്ങളാണ് 'സീക്രട്ട് ഗാർഡന്റെ' നട്ടെല്ല്.

Secret Garden Korean Drama review

ഓസ്‍കയും കഥയിൽ നിർണായക പങ്ക് വഹിക്കുന്നു. തന്റെ പോപ്പുലാരിറ്റി കുറയുന്നുണ്ടെന്ന് അയാൾക്ക് അറിയാം. പുതിയൊരു ഗായകന്റെ വരവ് ആ ആശങ്കക്ക് ആഴം കൂട്ടുന്നുമുണ്ട്. ഇതിനിടയിൽ ആദ്യ പ്രണയത്തെ കണ്ടത് അയാളുടെ സമ്മർദം ഏറ്റുന്നുണ്ട്. ഓസ്‍കയുടെ കാമുകി ആയിരുന്ന യുൻ സ്യോൾ  വീഡിയോ പ്രൊഡ്യൂസർ ആണ്. ഓസ്‍കയെ വാശി പിടിപ്പിക്കാൻ ജു വൂണുമായി കുറച്ച് പഞ്ചാരയടിക്കുന്നുണ്ടെങ്കിലും യുൻ സ്യോളും ഓസ്‍കയെ മറന്നിട്ടില്ല. ഓസ്‍കയിലൂടെ വിനോദ രംഗത്ത് ജോലി ചെയ്യുന്നവർ നേരിടുന്ന പ്രശ്‍നങ്ങളും ബുദ്ധിമുട്ടുകളും പരമ്പര കാട്ടിത്തരുന്നുണ്ട്.
നായകനായ ഹ്യൂ ബിന്നും നായികയായ ഹാ ജി വോണും അതി ഗംഭീരമായ പ്രകടനമാണ് കാഴ്‍ചവെച്ചിരിക്കുന്നത്. യൂൻ സാങ് ഹ്യൂൺ, കിം സാ രങ്,ലീ ഫിലിപ്പ്, യൂ ഇൻ നാ തുടങ്ങി മറ്റ് താരങ്ങളും മികച്ച രീതിയിൽ അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏത് കാലത്ത് കണ്ടാലും രസിപ്പിക്കും എന്നിടത്താണ് 'സീക്രട്ട് ഗാർഡൻ' എന്ന പരമ്പരയുടെ വിജയം.

Read More: കാഴ്‍ചാഗുണം മാത്രമല്ല യഥാര്‍ഥ സൗന്ദര്യം, 'ട്രൂ ബ്യൂട്ടി' റിവ്യു

Latest Videos
Follow Us:
Download App:
  • android
  • ios