മനസ് തൊടുന്ന 'സ്‍കൂള്‍'- കൊറിയൻ ഡ്രാമ റിവ്യു

'സ്‍കൂള്‍ 2017' എന്ന കെ ഡ്രാമയുടെ റിവ്യു.

 

School 2017 Korean Drama review

സ്‍കൂൾ ജീവിതത്തിലെ സൗഹൃദങ്ങളും കൗമാര പ്രണയവും ചങ്ങാത്തങ്ങളിലെ പിണക്കങ്ങളും എല്ലാം കൊറിയൻ ഡ്രാമ ലോകത്ത് ജനപ്രിയമായ വിഷയങ്ങളാണ്. സ്‍കൂൾ പരമ്പരകൾ കെബിഎസിന്റെ മേൽവിലാസം തന്നെയാണ്. കാരണം 1999 മുതൽ 2021വരെയുള്ള കാലയളവിൽ പല തവണ 'സ്‍കൂൾ' എന്ന പ്രധാന തലക്കെട്ടിന് താഴെ വിവിധ വർഷങ്ങളിൽ കെബിഎസ് തയ്യാറാക്കിയ പരമ്പരകൾ എല്ലാം പ്രേക്ഷകപ്രീതി നേടിയിരുന്നു. 99ലെ ആദ്യ ഭാഗം നാല് സീസണുകളിലായി  വർഷങ്ങൾ നിലനിന്നു. (99 ഫെബ്രുവരി മുതൽ 2002 മാർച്ച് വരെ). പത്ത് വർഷമെന്ന  ഇടവേളയ്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 2012 ഡിസംബറിൽ ആണ് സ്‍കൂൾ കുട്ടികളുടെ വിശേഷങ്ങളും പ്രശ്‍നങ്ങളും എല്ലാമായി പരമ്പര വീണ്ടും എത്തുന്നത്.  'സ്‍കൂൾ 2013'യിൽ ജാങ് നാറക്കും ചോയ് ഡാനിയേലിനും ഒപ്പം വിദ്യാർത്ഥികളായി വേഷം ഇട്ട ലീ ജോങ് സുക്കും കിം വൂ ബിന്നും ഷിൻ ഹൈ സുന്നും എല്ലാം കെ ഡ്രാമയിൽ പിന്നീടും തിളങ്ങിയ പ്രമുഖർ.    2015ലെ 'സ്‍കൂൾ' പരമ്പരക്ക് അനുബന്ധ പേരായത് ഹു ആര്‍ യു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കിം സോ ഹ്യൂൻ, നാം ജോ ഹ്യൂക്ക്, യൂക്ക് സ്യൂങ് ജേ എന്നിവർ പിന്നീടും   പ്രേക്ഷകരുടെ മനം കവർന്ന നിരവധി കഥാപാത്രങ്ങളുമായി കെ ഡ്രാമ രംഗത്ത് നിറഞ്ഞു നിന്നവർ. അടുത്ത 'സ്‍കൂൾ' പരമ്പരയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

'സ്‍കൂൾ 2017'ന്റെ കഥ നടക്കുന്നത് ഗ്യൂംഡോ ഹൈസ്‍കൂളിലാണ്. പരീക്ഷകളിലെ മാർക്കും പ്രകനടവും നോക്കിയുള്ള ഗ്രേഡിങ്ങിന്റെ പേരിൽ കുട്ടികളെ തമ്മിൽ പിരിക്കുന്ന രീതിയാണ് അവിടെ ഉള്ളത്. ആവർത്തിച്ച് നടത്തുന്ന പരീക്ഷകൾ കുട്ടികൾക്ക് തലവേദനയാണ്. നല്ല കാശുള്ള വീടുകളിൽ നിന്നു വരുന്ന കുട്ടികൾക്ക് കിട്ടുന്ന പ്രത്യേക പരിഗണനയും കാശുള്ളവർ നടത്തുന്ന ക്രമക്കേടുകളും സ്ഥിതി മോശമാക്കുന്നു. സന്പന്നരായ മാതാപിതാക്കളുടെ കുട്ടികളോട് പ്രത്യേക പരിഗണന കാണിക്കുന്ന ചില അധ്യാപകരും കൂടിയാകുമ്പോൾ സ്‍കൂളിലെ സ്ഥിതി പലപ്പോഴും സ്ഫോടനാത്മകം ആക്കുന്നുണ്ട്. പലർക്കും ബാലികേറാമല ആകുന്നത്ര സങ്കീർണവും മത്സരാത്മകവും ആണ് കോളേജ് പ്രവേശനം എന്നത് കുട്ടികളുടെ സമ്മർദം കൂട്ടുന്നുണ്ട്. ഇതിനിടയിലും സൗഹൃദവും കൂട്ടായ്‍മകളും ചെറിയ രസങ്ങളും എല്ലാമായി അവർ സ്‍കൂൾ ജീവിതം ആഘോഷിക്കുന്നുമുണ്ട്.  എപ്പോഴും ചെറുചിരി സൂക്ഷിക്കുന്ന മറ്റുള്ളവരെ മനസ്സിലാക്കുന്ന എന്നാൽ പഠിക്കാൻ അത്ര മെച്ചമില്ലാത്ത റാ യൂൺ ഹോ ആണ് നായിക. വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര മെച്ചവും അല്ല. വലിയ മാർക്കൊന്നും ഇല്ലാത്തതു കൊണ്ട് ഒരു കാർട്ടൂൺ മത്സരത്തിൽ ജയിക്കുക എന്നതിലാണ് അവൾ കോളേജ് പ്രവേശന സാധ്യത കാണുന്നത്. അതേസമയം എപ്പോഴും പരീക്ഷകളിൽ ഒന്നാമത് എത്തുന്ന, സ്‍കൂൾ ലീഡർ കൂടിയായ  സോങ് ദേ ഹ്വീക്കും ഇഷ്‍ടമുള്ള കോളേജിൽ പ്രവേശനം കിട്ടുമോ എന്ന് പേടിയുണ്ട്. പണമില്ല എന്നതാണ് ആ ടെൻഷന്റെ കാരണം. അതുകൊണ്ടു തന്നെ കാശുള്ള വീട്ടിലെ കുട്ടികൾക്ക് ട്യൂഷനെടുത്തും പരീക്ഷാടിപ്പുകൾ കൊടുത്തും എല്ലാം ദേ ഹ്വീ സ്വന്തം നിലക്ക് എന്തൊക്കെയൊ ചെയ്യുന്നുണ്ട്. അതേസമയം ഇങ്ങനെ ഒരു ആശങ്കയും ഇല്ലാതെ  ആരേയും കൂസൽ ഇല്ലാതെ നടക്കുന്ന ആളാണ് ഹ്യൂ തേ വൂൺ. സ്‍കൂൾ ഡയറക്ടറുടെ മകൻ ആണ് കക്ഷി. അതുകൊണ്ടു തന്നെ നന്നായി പഠിച്ചില്ലെങ്കിലും മാർക്ക് ഇല്ലെങ്കിലും ക്ലാസിൽ കയറിയില്ലെങ്കിലും ഒന്നും ആരും ചോദിക്കില്ല.

School 2017 Korean Drama review

സ്‍കൂളിലെ അഴിമതിയും പ്രിൻസിപ്പലിന്റെ വീഴ്‍ചകളും ചോദ്യം ചെയ്യാൻ മിസ്റ്റർ എക്സ് എന്ന് കുട്ടികൾ പേരിട്ടു വിളിക്കുന്ന ഒരു സാന്നിദ്ധ്യം എത്തുന്നതോടെ സ്‍കൂളിലെ കാര്യങ്ങൾ ആകെ ജഗപൊഗ ആകുന്നു. മിസ്റ്റർ എക്സിന്റെ നടപടികൾക്കിടയിൽ യൂൺ ഹോയും ദേ ഹ്വീയും തേ വൂണും പെട്ടു പോകുന്നു. പിന്നെ എന്ത് സംഭവിക്കും എന്നതാണ് പരമ്പര പറയുന്നത്. കിം സേ ജ്യോങ്, കിം ജുങ് ഹ്യൂൻ, ജാങ് ദോങ് യൂൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിന്നീടും കെ ഡ്രാമകളിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഇവർ മൂന്ന് പേരും. സഹകഥാപാത്രങ്ങളായി എത്തുന്നവരിലും പ്രശസ്‍തമായ പേരുകളുണ്ട്. സ്യോൾ ഇൻ ഹാ, റാവൂൻ തുടങ്ങിയവർ ഉദാഹരണം.

School 2017 Korean Drama review

പരീക്ഷ, ഗ്രേഡിങ്ങ് എന്നതിനപ്പുറം സ്‍കൂൾ കുട്ടികൾ നേരിടുന്ന മറ്റ് പ്രശ്‍നങ്ങളും പരമ്പര കൈകാര്യം ചെയ്യുന്നുണ്ട്. പ്രണയം,  തെറ്റിദ്ധാരണ കാരണം സൗഹൃദങ്ങളിൽ വരുന്ന വിള്ളലുകൾ, റാഗിങ്, അധ്യാപകരുടെ ഗുണനിലവാരം, സ്‍കൂൾ നടത്തിപ്പിലെ അഴിമതി ഇത്യാദികളെല്ലാം പരമ്പര പറയുന്നു. കുടുംബ ബന്ധങ്ങൾ കൗമാര പ്രായക്കാരെ എങ്ങനെയൊക്കെ ബാധിക്കും എന്നതും പരമ്പര കാണിച്ചു തരുന്നു.  എല്ലാ വിഷയങ്ങളും ബന്ധങ്ങളും പരസ്‍പരം കോർത്തിണക്കി ഒട്ടും ബോറടിപ്പിക്കാതെ അതീവ രസകരമായാണ് പരമ്പര പറയുന്നത്. കൗമാരക്കാർക്ക് അവർ ഏതു നാട്ടിലായാലും പല വിഷയങ്ങളുമായി പെട്ടെന്ന് സമരസപ്പെടാൻ പറ്റും. മുതിർന്നവർക്ക് അവരുടെ കൗമാരകാലവും പഠനകാലവും ഒക്കെ ഒന്ന് റീവൈൻഡ് ചെയ്‍ത് ഒരു ചെറുചിരിക്കും പറ്റും. മനസ്സിനോട് അടുത്തുനിൽക്കുന്നു എന്നതുകൊണ്ടു തന്നെയാണ് 'സ്‍കൂൾ 2017' വിജയമായത്.

Read More: സമാധാനത്തിന്റേയും സ്‍നേഹത്തിന്റേയും തെന്നലായി 'ഹോം ടൗൺ ചാ ചാ' - റിവ്യു

Latest Videos
Follow Us:
Download App:
  • android
  • ios