'വിവാദങ്ങളിൽ ഭാഗമാകാൻ താല്പര്യമില്ല'; റോബിനുമായുള്ള സിനിമയെ കുറിച്ച് സന്തോഷ് ടി കുരുവിള
റോബിന് സ്വപ്രയത്നത്താൽ ഉയർന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു പ്രശ്നവും കാണുന്നില്ലെന്ന് പറഞ്ഞ സന്തോഷ്, ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ ആണ് ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിൽ എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. നടൻ മോഹൻലാൽ ആയിരുന്നു സിനിമ അനൗൺസ് ചെയ്തത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭം ആണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്ന ആരോപണങ്ങൾ ആണ് അടുത്തിടെ വന്നത്. ഇപ്പോഴിതാ ഇത്തരം വാർത്തകളോട് പ്രതികരിച്ചിക്കുകയാണ് സന്തോഷ് കുരുവിള.
സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ റോബിൻ തന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണെന്ന് സന്തോഷ് പറഞ്ഞു. റോബിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിർവ്വഹിക്കുവാൻ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുമായ് പരിശ്രമങ്ങൾ തന്റെ നിർമ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു. പ്രോജക്ടിനെ കുറിച്ചുള്ള മീഡിയാ അപ്ഡേഷൻസും മോഹൻലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ ആണ് നടന്നതെന്നും നിർമാതാവ് പറയുന്നു. റോബിന് സ്വപ്രയത്നത്താൽ ഉയർന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു പ്രശ്നവും കാണുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി.
സന്തോഷ് ടി കുരുവിളയുടെ വാക്കുകൾ ഇങ്ങനെ
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ , ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്.
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിർവ്വഹിക്കുവാൻ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനു മായ് പരിശ്രമങ്ങൾ എന്റെ നിർമ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.
വരുവാൻ പോവുന്ന പ്രൊജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്ഡേഷൻസും കൂടാതെ ശ്രീ മോഹൻലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടർ റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ നടന്നിട്ടുള്ളതാണ്. ആ ഘട്ടത്തിൽ തന്നെ ശ്രീ റോബിൻ രാധാകൃഷ്ണൻ മലയാളത്തിലെ നിരവധിയായ നിർമ്മാതാക്കളെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.
കോവിഡാനന്തരം ,സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിയ്ക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്. അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളിൽ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിർമ്മാണം ഒരു ബിസിനസ്സ് നിലയിൽ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷൻതന്നെയാണ് ഇപ്പോഴും എപ്പോഴും ! ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിയ്ക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്. അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കിൽ അത് ഉപേക്ഷിയ്ക്കുകയും ചെയ്തേക്കാം. ഡോ റോബിൻ രാധാകൃഷ്ണൻ സിനിമാ മേഖലയിൽ സ്വപ്രയത്നത്താൽ ഉയർന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്നങ്ങളും ഉള്ളതായ് കരുതുന്നില്ല. നിലവിൽ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഭാഗഭാക്കാവാൻ വ്യക്തിപരമായും അല്ലാതേയും താൽപര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.
പൃഥ്വിരാജിനെ ബോക്സ് ഓഫീസ് കിങ്ങാക്കിയ 'ജനഗണമന'; പുതിയ നേട്ടവുമായി ചിത്രം