Santhosh Keezhattoor : ‘സാധാരണ സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ ഞാന്‍ വടിയാകും', പക്ഷേ: സന്തോഷ് കീഴാറ്റൂര്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിയില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളന്‍ ഡിസൂസ.
മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് സന്തോഷ് കീഴാറ്റൂര്‍(Santhosh Keezhattoor). ഒട്ടേറെ സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും പല സിനിമകളിലും മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വിധി. വിക്രമാദിത്യന്‍, പുലിമുരുകന്‍, കമ്മാരസംഭവം, കാവല്‍ എന്നിവ ഉദാഹരണമാണ്. ഇപ്പോഴിതാ മരിക്കാത്ത കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് നടനിപ്പോൾ.
സൗബിന്‍ ഷാഹിര്‍ നായകനായ കള്ളന്‍ ഡിസൂസയിലാണ് മുഴുനീളെ കഥാപാത്രമായി സന്തോഷ് കീഴാറ്റൂർ എത്തുന്നത്. സുരഭി ലക്ഷ്മി പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ‘സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും. സിനിമ തുടങ്ങി തീരുന്നതുവരെ ഒരു നടന്റെ സാന്നിധ്യം സിനിമയിലുണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്,’ സന്തോഷ് പറയുന്നു.
സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ കണ്ടിട്ട് വരികയാണെന്നും ട്രെയ്‌ലര്‍ വന്നപ്പോഴും താഴെ ‘ഒരു മരണം ഉറപ്പ്’ എന്ന കമന്റ് ഉണ്ടായിരുന്നുവെന്നും സുരഭി പറയുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിയില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രത്തിന്‍റെ സ്‍പിന്‍ ഓഫ് ചിത്രമാണ് ഇത്. സൗബിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ നായര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.