'സന്നിധാനം പി ഒ'; ശബരിമല പശ്ചാത്തലമാക്കി പാന്‍ ഇന്ത്യന്‍ ചിത്രം വരുന്നു
തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക
ശബരിമല പശ്ചാത്തലമാവുന്ന ഒരു മലയാള ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനവിജയം നേടുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു ശശി ശങ്കര്‍ ഒരുക്കിയ മാളികപ്പുറമാണ് ആ ചിത്രം. ഇപ്പോഴിതാ അതേ പശ്ചാത്തലത്തില്‍ ഒരു ബഹുഭാഷാ ചിത്രവും നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുകയാണ്. സന്നിധാനം പി ഒ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യയാണ്.
സര്‍വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ മധുസൂദര്‍ റാവു, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യോഗി ബാബുവും പ്രമോദ് ഷെട്ടിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മകരസംക്രമ ദിനമായ ജനുവരി 14 ന് ശബരിമലയില്‍ വച്ചാണ് ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍.
അതേസമയം പ്രദര്‍ശനത്തിന്‍റെ രണ്ടാം വാരം കേരളത്തില്‍ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട് മാളികപ്പുറം എന്ന ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 30 സ്ക്രീനുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട് ചിത്രം. അങ്ങനെ 170 സ്ക്രീനുകള്‍. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.