ബജറ്റ് 200 കോടി, ചിത്രീകരണം തുടങ്ങുംമുന്‍പേ ലഭിക്കുന്നത് 215 കോടി! വേറിട്ട പരീക്ഷണത്തിന് സംവിധായകന്‍
വന്‍ ഓഫറുമായി നെറ്റ്ഫ്ലിക്സ്
ഇന്ത്യന്‍ സിനിമയില്‍ ബജറ്റിലും കളക്ഷനിലും മുന്‍പ് വിസ്മയിപ്പിച്ചിരുന്നത് ബോളിവുഡ് ചിത്രങ്ങളാണ്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുമായി തെന്നിന്ത്യന്‍ സിനിമകള്‍ എത്തിയതോടെ ബോക്സ് ഓഫീസില്‍ ബോളിവുഡിന്‍റെ അപ്രമാദിത്യം അവസാനിച്ചെങ്കിലും ഹിന്ദി സിനിമയുടെ ബിസിനസ് സാധ്യതകള്‍ ഇപ്പോഴും അനന്തമാണ്. ഇപ്പോഴിതാ ശ്രദ്ധേയ സംവിധായകന്‍റെ പുതിയ ചിത്രത്തിന്‍റെ ബിസിനസ് മോഡല്‍ വാര്‍ത്തകളില്‍ എത്തിയിരിക്കുകയാണ്.
കലാമൂല്യമുള്ള ബിഗ് സ്കെയില്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം ലവ് ആന്‍ഡ് വാറിനെക്കുറിച്ചാണ് പ്രസ്തുത വാര്‍ത്തകള്‍. രണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട്, വിക്കി കൌശല്‍ എന്നിവര്‍ ഒരുമിക്കുന്ന ചിത്രം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. 200 കോടി ബജറ്റില്‍ (പ്രതിഫലം ഒഴികെയുള്ള കണക്ക്) ഒരുങ്ങുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തിന്‍റെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി 2026 മാര്‍ച്ച് 20 ആണ്. 350 കോടിയുടെ ഡീലുമായി ബോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോകള്‍ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സ്റ്റുഡിയോകളുമായി സഹകരിക്കാതെ സ്വയം നിര്‍മ്മിക്കാനാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പദ്ധതിയെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തിന്‍റെ വിപണി മൂല്യം മുന്നില്‍ കണ്ട് നെറ്റ്ഫ്ലിക്സും സരിഗമയും യഥാക്രമം പോസ്റ്റ് തിയട്രിക്കല്‍ ഒടിടി റൈറ്റ്സിലും മ്യൂസിക് റൈറ്റ്സിലും വന്‍ തുകയുടെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരം 130 കോടിയാണ് നെറ്റ്ഫ്ലിക്സ് മുന്നോട്ടുവെക്കുന്ന മിനിമം തുക. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് സമയത്തെ ബോക്സ് ഓഫീസ് പ്രകടനം വച്ച് ഇത് വീണ്ടും ഉയരും. മ്യൂസിക് റൈറ്റ്സിന് സരിഗമ മുടക്കുന്നത് 35 കോടിയാണ്. സാറ്റലൈറ്റ് റൈറ്റിന് മുന്‍നിര ടെലിവിഷന്‍ നെറ്റ്‍വര്‍ക്കുമായി 50 കോടിയുടെ കരാറിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. അതായത് ചിത്രത്തിന്‍റെ നോണ്‍ തിയട്രിക്കല്‍ വരുമാനം തന്നെ ഏറ്റവും ചുരുങ്ങിയത് 215 കോടി വരും.
പ്രതിഫലം നേരിട്ട് കൊടുക്കാതെ അഭിനേതാക്കളുമായും മറ്റ് കരാറുകളാണ് സഞ്ജയ് ലീല ബന്‍സാലി ഉണ്ടാക്കിയിരിക്കുന്നത്. ഇത് പ്രകാരം തിയട്രിക്കല്‍ റൈറ്റ്സും ഷെയറുമാണ് അഭിനേതാക്കളുടെ പ്രതിഫലമായി പോവുക. ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ് നോണ്‍ തിയട്രിക്കല്‍ വരുമാനത്തില്‍ നിന്നും കണ്ടെത്തും. അതേസമയം ഹിന്ദി സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ് ലവ് ആന്‍ഡ് വാര്‍.
ALSO READ : 90 ദിവസത്തെ ചിത്രീകരണം, ഷെയ്‍നിന്‍റെ ബിഗസ്റ്റ് ബജറ്റ്; 'ഹാല്‍' പൂര്‍ത്തിയായി