ആ വൈറല്‍ വീഡിയോ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാനിയ ഇയ്യപ്പന്‍

"മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും"

Saniya Iyappan reacts to a viral video of her which fans taking a selfie with their favourite star nsn

പൊതുവേദികളില്‍ എത്തുന്ന സിനിമാതാരങ്ങളും അവരുടെ ആരാധകരും തമ്മിലുള്ള വിനിമയങ്ങള്‍ പലപ്പോഴും വൈറല്‍ വീഡിയോകളായി മാറാറുണ്ട്. ഇരുകൂട്ടരും സൗഹാര്‍ദത്തോടെയും പരസ്പര ബഹുമാനത്തോടെയും ഇടപെടുന്നതാവും അവയില്‍ ചിലതെങ്കില്‍ മറ്റു ചിലവ താരത്തിന്‍റെ സ്വകാര്യതയെ മാനിക്കാത്ത കടന്നുകയറ്റങ്ങളാവും. കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പന്‍റേതായി ഒരു വീഡിയോ വൈറല്‍ ആയിരുന്നു. സാനിയയ്ക്കൊപ്പം ഒരു ആരാധകന്‍ എടുക്കുന്ന സെല്‍ഫി ഫ്രെയ്‍മിലേക്ക് അദ്ദേഹത്തിന്‍റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആയ ആള്‍ കൂടി കയറിനില്‍ക്കുന്നതാണ് വീഡിയോ. രണ്ടാമത്തെ ആള്‍ തനിക്കടുത്തേക്ക് നില്‍ക്കുമ്പോള്‍ അകന്നുനില്‍ക്കുന്ന സാനിയയാണ് വീഡിയോയില്‍. ഷോര്‍ട്സ്, റീല്‍സ് എന്നിവയിലൂടെ ഈ വീഡിയോ വൈറല്‍ ആയതിനെത്തുടര്‍ന്ന് പലരും സാനിയയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സാനിയ.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയയുടെ പ്രതികരണം. "ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്‍റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാന്‍ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍ ഇതിന്‍റെ ​ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്ന സത്യവും ഞാന്‍ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്‍റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആ​ഗ്രഹിക്കുന്നു. അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കിയതിന് നന്ദി", സാനിയ ഇയ്യപ്പന്‍ കുറിച്ചു.

ALSO READ : വന്നത് വന്‍ പ്രതീക്ഷയുമായി, പക്ഷേ; കാര്‍ത്തിയുടെ 'ജപ്പാന്‍' 10 ദിവസം കൊണ്ട് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios