സാന്ദ്ര തോമസിന് ആശ്വാസം, നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ
കൃത്യമായി കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്.
കൊച്ചി : നിർമ്മാതാവ് സാന്ദ്ര തോമസിന് ആശ്വാസം. നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. സാന്ദ്രയുടെ അംഗത്വം റദ്ദാക്കിയത് എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തതത്. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്ര തോമസിന് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ അംഗമായി തുടരാം.
കൃത്യമായി കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര നേരത്തെ തുറന്നടിച്ചിരുന്നു. ഇതിനൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ മൗനത്തെ ചോദ്യ ചെയ്തതും നിർമാതാക്കളുടെ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാൻ കാരണമായെന്ന് സാന്ദ്ര തോമസ് പറയുന്നു. താൻ ഇപ്പോഴും സംഘടനയിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്. സംഘടനയിലെ ചില അംഗങ്ങൾക്ക് മാത്രമാണ് തന്നോട് എതിർപ്പെന്നും നിർമാതാവ് ജി സുരേഷ് കുമാർ കിങ് ജോങ് ഉന്നിനെ പോലെയാണ് സംഘടനയിൽ പെരുമാറുന്നതെന്നും സാന്ദ്ര തോമസ് തുറന്നടിച്ചിരുന്നു.