അന്ന് ഒരു ബിഗ് 'നോ', ഇന്ന് 400 കോടി സിനിമ! 18 വര്‍ഷത്തിന് ശേഷം ആ തെന്നിന്ത്യൻ സംവിധായകന് ഡേറ്റ് നല്‍കി സൽമാന്‍
സാജിദ് നദിയാദ്‍വാലയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം
കൊവിഡ് കാലത്തെ ഇടിവിന് ശേഷം ബോളിവുഡ് ട്രാക്കിലായ വര്‍ഷമായിരുന്നു 2023. എന്നാല്‍ താരങ്ങളെ എടുത്താല്‍ ഷാരൂഖ് ഖാന്‍ ഒഴികെ മറ്റ് മുന്‍നിര താരങ്ങള്‍ക്കൊന്നും ഇനിയും അവരുടെ താരമൂല്യത്തിനൊത്ത ഹിറ്റുകള്‍ നേടാന്‍ ആയിട്ടില്ല. എന്നാല്‍ പുതിയ ഓരോ പ്രോജക്റ്റുകളും അവര്‍ കമ്മിറ്റ് ചെയ്യുന്നത് ആ ആഗ്രഹത്തോടെയാണ്. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍റെ ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമ വരുന്നതിനെക്കുറിച്ചാണ് ഹിന്ദി സിനിമാലോകത്തുനിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലുമൊക്കെ ഹിറ്റുകള്‍ സൃഷ്ടിച്ച എ ആര്‍ മുരുഗദോസ് ആണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ആക്ഷന്‍ ഡ്രാമ ഒരുക്കുന്നത്. സാജിദ് നദിയാദ്‍വാലയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സല്‍മാന്‍റെ നിരവധി ഹിറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ള സാജിദിന്‍റെ സംവിധാന അരങ്ങേറ്റവും സല്‍മാന്‍ ഖാനൊപ്പം ആയിരുന്നു. 2014 ല്‍ പ്രദര്‍ശനത്തിനെത്തിയ കിക്ക് ആയിരുന്നു ചിത്രം. 10 വര്‍ഷത്തിനിപ്പുറമാണ് ഇരുവരും ഒരു സിനിമയ്ക്കുവേണ്ടി വീണ്ടും ഒന്നിക്കുന്നത്.
സാജിദ് നദിയാദ്‍വാല ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതല്‍ 400 കോടിയാണ്. പോര്‍ച്ചുഗല്‍ ആണ് പ്രധാന ലൊക്കേഷന്‍. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും ചിത്രീകരണമുണ്ട്. ഈ വേനല്‍ക്കാലത്ത് ചിത്രീകരണമാരംഭിച്ച് വര്‍ഷാവസാനം വരെ നീളുന്ന ചിത്രീകരണമായിരിക്കും ഈ സിനിമയ്ക്ക്. അതേസമയം 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു തിരക്കഥയുമായി എ ആര്‍ മുരുഗദോസ് സല്‍മാന്‍ ഖാനെ സമീപിച്ചിരുന്നതാണ്. തന്‍റെ തന്നെ തമിഴ് ചിത്രം ഗജിനിയുടെ ഹിന്ദി റീമേക്കിന് വേണ്ടി ആയിരുന്നു അത്. അന്നത് നടന്നില്ല. പകരം ആമിര്‍ ഖാന്‍ ആണ് അതില്‍ നായകനായത്. 18 വര്‍ഷത്തിനിപ്പുറം അതിനേക്കാള്‍ വലിയ ഒരു കാന്‍വാസില്‍ ഇരുവരും ആദ്യമായി ഒരുമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം