ആഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി സല്‍മാന്‍ ഖാന്‍; 'സിങ്കം എഗെയ്‍നി'ലെ അതിഥി വേഷത്തിനായി ക്യാമറയ്ക്ക് മുന്നില്‍
ദീപാവലി റിലീസ് ആയാണ് സിങ്കം എഗെയ്‍ന്‍ എത്തുക. മാറിയ സാഹചര്യത്തില്‍ ഈ റോള്‍ ചിത്രത്തില്‍ ഉണ്ടാവില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു
ബോളിവുഡ് കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് സിങ്കം എഗെയ്ന്‍. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാം ചിത്രമായി എത്തുന്ന സിങ്കം എഗെയ്നില്‍ അജയ് ദേവ്‍ഗണിനൊപ്പം വന്‍ താരനിരയാണ് ഒന്നിക്കുന്നത്. കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്രോഫ് എന്നിങ്ങനെയാണ് അത്. അക്കൂട്ടത്തിലേക്ക് സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും എത്തുമെന്നും എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ അണിയറക്കാര്‍ക്ക് അത് ഉപേക്ഷിക്കേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമാപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. ചിത്രത്തില്‍ സല്‍മാന്‍റെ റോള്‍ ഉണ്ടാവും എന്നതാണ് അത്.
മുംബൈ നഗരത്തിലെ ഒരു സ്റ്റുഡിയോയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് സിനിമയിലെ തന്‍റെ ഭാഗത്തിന്‍റെ ചിത്രീകരണത്തിനായി സല്‍മാന്‍ ഖാന്‍ എത്തിയത്. ഹിറ്റ് ഫ്രാഞ്ചൈസിയായ ദബാംഗിലെ ഇന്‍സ്പെക്ടര്‍ ഛുല്‍ബുല്‍ പാണ്ഡേ എന്ന കഥാപാത്രമായാണ് രോഹിത് ഷെട്ടി ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നത്. സ്ക്രീന്‍ ടൈം കുറഞ്ഞ, മിക്കവാറും ടെയ്ന്‍ എന്‍ഡ് ഭാഗത്തായിരിക്കും ഈ കഥാപാത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭാവിയില്‍ രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സില്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഈ കഥാപാത്രം എത്തിയേക്കാം.
ഒക്ടോബര്‍ 14 നായിരുന്നു സല്‍മാന്‍ ഖാന്‍റെ ചിത്രീകരണം നേരത്തെ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 12 ന് സല്‍മാന്‍ ഖാന്‍റെ ഉറ്റ സുഹൃത്തും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകം സംഭവിച്ചതോടെ സല്‍മാന്‍റെ ചിത്രീകരണം ഒഴിവാക്കാന്‍ രോഹിത് ഷെട്ടിയും അജയ് ദേവ്ഗണും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഉറ്റ സുഹൃത്തിന്‍റെ മരണത്തില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സല്‍മാനെ ആ സമയത്ത് ചിത്രീകരണത്തിനായി വിളിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. സെക്യൂരിറ്റി പ്രശ്നങ്ങളും ഈ തീരുമാനമെടുക്കാന്‍ കാരണമായിരുന്നു. അതേസമയം പ്രതിസന്ധി സാഹചര്യത്തിലും വാക്ക് പാലിച്ച സല്‍മാന്‍ ഖാന്‍റെ പ്രവര്‍ത്തി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍.
ALSO READ : ജോജുവിന്‍റെ സംവിധാന അരങ്ങേറ്റം; 'പണി' നാളെ മുതല്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
https://www.youtube.com/watch?v=Ko18SgceYX8