ട്രെന്‍ഡിംഗ് നമ്പര്‍ 1; 16 മണിക്കൂറില്‍ 6.5 കോടി കാഴ്ചകളുമായി 'സലാര്‍' ടീസര്‍
കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം
ഒറ്റ ചിത്രം കൊണ്ട് കന്നഡ മുഖ്യധാരാ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പേര് നേടിക്കൊടുത്ത സംവിധായകനാണ് പ്രശാന്ത് നീല്‍. 2018 ല്‍ എത്തിയ കെജിഎഫ് ആയിരുന്നു ആ ചിത്രം. കൊവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തിയപ്പോള്‍ ബോക്സ് ഓഫീസിലെ മുന്‍കാല റെക്കോര്‍ഡുകള്‍ പലതും ചിത്രം പഴങ്കഥയാക്കി. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന്‍റെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തുന്നത്. ബാഹുബലി സ്റ്റാര്‍ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാന്‍ ചിത്രത്തിന്‍റെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാല്‍ മതി.
1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്യപ്പെട്ടത് ഇന്ന് പുലര്‍ച്ചെ 5.12 ന് ആയിരുന്നു. 16 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ചിത്രം നേടിയിരിക്കുന്നത് 6.5 കോടിയിലേറെ കാഴ്ചകളാണെന്ന് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിക്കുന്നു. പ്രഭാസിനൊപ്പം പ്രാധാന്യത്തോടെയാണ് പൃഥ്വിരാജിന്‍റെ കഥാപാത്രത്തെയും ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ : ചില്ലറക്കാരിയല്ല 'സാന്ത്വനത്തിലെ അപ്പു'വിന്‍റെ അമ്മ; നിത ഘോഷിനെ അറിയാമോ?