'സാജാ എന്ന വിളി ഓര്‍ക്കുമ്പോള്‍ അവന്‍ കൂടെയുള്ളതുപോലെ തോന്നും', ശബരീനാഥിനെ കുറിച്ച് വികാരഭരിതനായി സാജൻ സൂര്യ
നടൻ ശബരിനാഥിന്റെ അപ്രതീക്ഷിത മരണം പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരുന്നു.
മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത താരമാണ് സാജന്‍ സുര്യ. ദൂരദര്‍ശനില്‍ 'അശ്വതി' എന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ട് അഭിനയലോകത്തേക്ക് കടന്നുവന്ന സാജൻ സൂര്യയെ ഇന്ന് അറിയാത്തവരായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആരും തന്നെയില്ല. സൗഹൃദങ്ങളെ മനോഹരമായി സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍കൂടിയാണ് സാജന്‍. സാജന്റെ അടുത്ത സുഹൃത്തും നായകനടനുമായ ശബരീനാഥിന്റെ മരണം സാജന്‍ സൂര്യയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. അതുകൊണ്ടുതന്നെ ശബരിയുടെ ഓര്‍മ്മദിവസം അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും ഓര്‍മ്മക്കുറിപ്പുമെല്ലാം സാജന്‍ സൂര്യ പങ്കുവയ്ക്കാറുമുണ്ട്. നടൻ ശബരിനാഥ് വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് (17.09.2022) രണ്ട് വര്‍ഷം തികയുകയാണ്.
സാധാരണയായി 'രണ്ട് വര്‍ഷം പോയത് അറിഞ്ഞില്ല' എന്ന് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ ശബരിയില്ലാത്ത രണ്ട് വര്‍ഷം കടന്നുപോയത് ശരിക്കും അറിഞ്ഞെന്നാണ് സാജന്‍ സൂര്യ തന്റെ കുറിപ്പിലൂടെ പറഞ്ഞത്. മുന്നേയൊരിക്കല്‍ റഷ്യയിലേക്ക് ഫാമിലി ടൂര്‍ പോയപ്പോള്‍ എടുത്ത വീഡിയോയാണ് സാജന്‍ സൂര്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ശബരീനാഥ് 'സാജാ' എന്ന് ചെറുതായി വിളിക്കുന്നുമുണ്ട്. ആ വിളി സ്ഥിരമായ ശബരി വിളിക്കാറുള്ളതാണെന്നും, ആ വിളി കേള്‍ക്കുമ്പോള്‍ അവന്‍ കൂടെയുണ്ടെന്ന വിശ്വാസം വരുന്നുവെന്നുമാണ് വീഡിയോയുടെ കൂടെ സാജന്‍ സൂര്യ കുറിച്ചത്.
''രണ്ട് വര്‍ഷം പോയത് അറിഞ്ഞു. ഈ വീഡിയോ ഞങ്ങള്‍ 2018 മെയ് മാസം ഫാമിലി ആയിട്ട് റഷ്യന്‍ ടൂര്‍ പോയപ്പോള്‍ എടുത്തതാ. ശബരി എന്നെ സ്ഥിരം എന്നെ വിളിക്കണതു പോലെ സാജാ..എന്നൊരു വിളി വീഡേിയോയില്‍ ചെറുതായിട്ട് കേള്‍ക്കാം. അത് കേള്‍ക്കുമ്പോ അവന്‍ കൂടെയുണ്ടന്നൊരു വിശ്വാസം വരും.'' എന്നാണ് സാജന്‍ സൂര്യ കുറിച്ചത്. സങ്കടവും, ഓര്‍മ്മകളും അറിയിച്ചുകൊണ്ട് നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്‍തരിക്കുന്നത്.