വിശ്വസ വഞ്ചന, ഗൂഢാലോചന: നടി സരീൻ ഖാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്
2018ല്‍ വിശാല്‍ ഗുപ്ത എന്ന ബോളിവുഡ് താര ഏജന്‍റ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ സരീൻ ഖാനെതിരെ കോടതി നടപടി വന്നിരിക്കുന്നത്.
കൊല്‍ക്കത്ത: ബോളിവുഡ് നടി സരീൻ ഖാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്. കൊല്‍ക്കത്ത പൊലീസിന്‍റെ കുറ്റപത്ര പ്രകാരം സരീൻ ഖാനെതിരെ ക്രിമിനല്‍ വിശ്വാസ വഞ്ചന അടക്കം ഗുരുതരമായ വകുപ്പുകളാണ് ചാര്‍ത്തിയിരുന്നത്. നടിയെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തേക്കും എന്നാണ് വിവരം. നടിയെ നവംബര്‍ 23ന് മുന്‍പ് കോടതിയില്‍ ഹാജറാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെയും കേസിന്‍റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെ പലപ്രവാശ്യം കോടതിയില്‍ ഹാജറാകുവാന്‍ കോടതി നിര്‍ദേശിച്ചിട്ടും നടി അനുസരിച്ചിരുന്നില്ല. അതോടെയാണ് കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
2018ല്‍ വിശാല്‍ ഗുപ്ത എന്ന ബോളിവുഡ് താര ഏജന്‍റ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ സരീൻ ഖാനെതിരെ കോടതി നടപടി വന്നിരിക്കുന്നത്. നിരവധി ബോളിവുഡ് താരങ്ങളെ വിവിധ പരിപാടികള്‍ക്ക് എത്തിക്കുന്ന ഏജന്‍സി നടത്തുന്നയാളാണ് വിശാല്‍ ഗുപ്ത. ഇത്തരത്തില്‍ 2018 കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്കില്‍ കാളിപൂജ പന്തല്‍ ഉദ്ഘാടനത്തിന് 12 ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങിയിട്ടും നടി എത്തിയില്ലെന്നാണ് ഇദ്ദേഹം നല്‍കിയ കേസില്‍ പറയുന്നത്.
പിന്നീട് നടിയോട് പണം തിരിച്ചു ചോദിച്ചപ്പോള്‍ മുംബൈ അധോലോകത്തെ ചിലരെ ഉപയോഗിച്ച് തനിക്കെതിരെ നടി വധ ഭീഷണി ഉയര്‍ത്തിയെന്നും വിശാല്‍ ഗുപ്ത ആരോപിച്ചിരുന്നു. തന്‍റെ സ്വാധീനം ഉപയോഗിച്ച് നടി മുംബൈയിലെ താരങ്ങള്‍ തനുമായി സഹകരിക്കുന്നത് മുടക്കാന്‍ ശ്രമിച്ചുവെന്നും വിശാല്‍ ഗുപ്ത ആരോപിക്കുന്നു.
ഈ കേസ് അന്വേഷിച്ച നര്‍കേല്‍ദങ്ക പൊലീസ് കഴിഞ്ഞ ആഗസ്റ്റ് 20നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി സെക്ഷന്‍ 204 വിശ്വാസ വഞ്ചന, സെക്ഷന്‍ 506,120 B ക്രിമിനല്‍ ഗൂഢാലോചന, സെക്ഷന്‍ 420 വഞ്ചന എന്നീ വകുപ്പുകള്‍ നടിക്കെതിരെ ചുമത്തിയിരുന്നു. അതേ സമയം നടിക്കെതിരായ അറസ്റ്റ് വാറണ്ടിനെതിരെ മേല്‍ക്കോടതിയെ സമീപിക്കും എന്നാണ് സരീൻ ഖാന്‍റെ വക്കീല്‍ അറിയിച്ചത്.
ലിയോ റിലീസ്; ലണ്ടനില്‍ നിന്നും വന്‍ അപ്ഡേറ്റ്; ആരാധകര്‍ ത്രില്ലില്‍
ജവാന്‍ ഓസ്കാറിന് അയക്കണമെന്നാണ് ആഗ്രഹം: അറ്റ്ലി