'ലൂക്ക് ആന്‍റണി'യെ കാണാൻ അർധരാത്രിയും ആരാധകർ; റിലീസ് ദിനത്തിൽ റോഷാക്കിന് കേരളമെമ്പാടും എക്സ്ട്രാ ഷോകൾ
കേരളത്തില്‍ 219 തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തിയത്
സമീപകാല മലയാള സിനിമയിൽ പ്രോജക്റ്റുകളുടെ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിയോളം പരീക്ഷണം നടത്തുന്ന മറ്റൊരു താരമില്ല. നവാഗത സംവിധായകരെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ള മമ്മൂട്ടി പുതുതായി ആരംഭിച്ച നിർമ്മാണ കമ്പനിയുടെ ബാനറിൽ എത്തുന്ന രണ്ട് ചിത്രങ്ങളും യുവതലമുറ സംവിധായകരുടേത് തന്നെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും നിസാം ബഷീറിൻറെ റോഷാക്കും. ലിജോ ജോസ് ചിത്രമാണ് ആദ്യം നിർമ്മാണം ആരംഭിച്ചതെങ്കിലും ആദ്യം പുറത്തെത്തിയത് റോഷാക്ക് ആണ്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ പുതുമയുള്ള ട്രീറ്റ്മെൻറിന് വലിയ പ്രശംസയാണ് സിനിമാപ്രേമികളിൽ നിന്ന് ലഭിക്കുന്നത്. ആദ്യദിനത്തിലെ തിയറ്റർ ഒക്കുപ്പൻസിയിൽ ഈ മൌത്ത് പബ്ലിസിറ്റി പ്രതിഫലിക്കുകയും ചെയ്‍തു.
കേരളത്തില്‍ 219 തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ഷോകള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് കാണേണ്ട ചിത്രമാണെന്നും വ്യത്യസ്‍തമാണെന്നും അഭിപ്രായം ഉയര്‍ന്നതോടെ മാറ്റിനി മുതലുള്ള ഷോകളുടെ ഓണ്‍ലൈന്‍ ബുക്കിംഗില്‍ അത് പ്രതിഫലിച്ചു. സെക്കന്‍റ് ഷോകള്‍ക്ക് വലിയ വിഭാഗം പ്രേക്ഷകര്‍ ടിക്കറ്റ് കിട്ടാതെ മടങ്ങിയതോടെ പല സെന്‍ററുകളിലും രാത്രി വൈകി അഡീഷണല്‍ ഷോകള്‍ ചാര്‍ട്ട് ചെയ്‍തു. കേരളത്തിന്‍റെ പലയിടങ്ങളിലായി ഇന്നലെ നടന്നത് 31 അഡീഷണല്‍ ഷോസ് ആണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.
ALSO READ : ആ കാര്‍ ഡ്രിഫ്റ്റ് ചെയ്‍തത് മമ്മൂട്ടി തന്നെ; 'റോഷാക്ക്' ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ
ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍, കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.