'ഫാന്‍സിനോട് ക്ഷമാപണം'; 'കണ്ണൂര്‍ സ്ക്വാഡ്' റിലീസ് തീയതിയെക്കുറിച്ച് തിരക്കഥാകൃത്ത്
നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്‍റെ സംവിധാനം
മമ്മൂട്ടിയുടേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. മമ്മൂട്ടി തന്നെയാണ് നിര്‍മ്മാണവും. ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അനൌദ്യോഗികമായി ചില തീയതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ചിത്രം ഈ മാസം തന്നെ പുറത്തെത്തുമെന്ന് ഇന്നലെ പുറത്തിറക്കിയ പോസ്റ്ററിലൂടെ അണിയറക്കാര്‍ അറിയിച്ചിരുന്നു. അതേസമയം റിലീസ് തീയതി പ്രഖ്യാപിക്കാത്തതില്‍ ആരാധകര്‍ക്ക് പ്രതിഷേധവുമുണ്ട്. ഇപ്പോഴിതാ ആരാധകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ചിത്രത്തിന്‍റെ സഹതിരക്കഥാകൃത്തുമായ റോണി ഡേവിഡ് രാജ്. സോഷ്യല്‍ മീഡിയയിലൂടെയാണ് റോണി ഡേവിഡിന്‍റെ പ്രതികരണം. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ വേദിയില്‍ നിന്ന് മമ്മൂട്ടിക്കും സഹതാരങ്ങള്‍ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.
"ഈ നാലംഗ സംഘം നിങ്ങളെ എത്രമാത്രം സ്വാധീനിക്കും എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും. അതിനുള്ള ഉത്തരം തരേണ്ടത് പ്രേക്ഷകരാണ്. ഒരുപാട് ദിവസങ്ങൾ ഒരുമിച്ച് ചിലവഴിച്ചു ഈ മൂന്ന് പേരോടൊപ്പവും. പലപ്പോഴും മമ്മൂക്കയെ ജോർജ് സർ എന്നേ വിളിക്കാൻ തോന്നാറുള്ളൂ. അത് എന്തുകൊണ്ടാണെന്ന് പടം കാണുമ്പോൾ മനസിലാവും. മമ്മൂക്ക ഇന്നലെ പ്രൊമോഷൻസിൽ പറഞ്ഞ പോലെ എല്ലാ പേരും പെര്‍ഫെക്റ്റ് കാസ്റ്റിംഗ് ആയിരുന്നു, ആയിരുന്നോ??? അറിയില്ല, അതിന്റെയും വിധിയെയുത്ത് വരും ദിവസങ്ങളിൽ അറിയാം. ഫാൻസിനോട് ക്ഷമാപണം, മറ്റൊന്നും കൊണ്ടല്ല റിലീസ് ഡേറ്റ് ഒഫീഷ്യൽ ആയിട്ട് അറിയിക്കാം. നിങ്ങളുടെ സ്നേഹം മനസിലാക്കാം. പക്ഷെ കുറേ ഉത്തരവാദിത്തങ്ങൾ ചെയ്ത് തീർക്കാനുണ്ട്. നിങ്ങോളോടൊപ്പം, റിലീസിനു ശേഷം നമ്മൾ പൊളിക്കും", റോണി ഡേവിഡ് രാജ് കുറിച്ചു.
നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്‍റെ സംവിധാനം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മമ്മൂട്ടിയ്ക്കൊപ്പം കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക