ടെലിവിഷന്‍ പ്രീമിയറിന് 'രോമാഞ്ചം'; തീയതി പ്രഖ്യാപിച്ചു
50-ാം ദിവസവും കേരളത്തിലെ നൂറിലേറെ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം
മലയാള സിനിമയില്‍ ഈ വര്‍ഷത്തെ അപൂര്‍വ്വം ഹിറ്റുകളില്‍ ഒന്നായിരുന്നു രോമാഞ്ചം. 2018 കഴിഞ്ഞാല്‍ ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയവും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിത്രം എത്തുക. ഫെബ്രുവരി 3 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഏപ്രില്‍ 7 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആണ് ടെലിവിഷന്‍ പ്രീമിയര്‍.
മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്തായിരുന്നു ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. പിന്നീട് മലയാളത്തില്‍ നിന്നുള്ള എക്കാലത്തെയും വലിയ വിജയമായി 2018 മാറിയപ്പോള്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ രോമാഞ്ചം. വൈഡ് റിലീസിന്‍റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുന്ന സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്.
എല്ലാം മറന്ന് ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രം ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തില്‍ സംഭവിക്കുന്നത് എന്നതായിരുന്നു ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.
ALSO READ : 'ആദിപുരുഷി'ന്‍റെ 10,000 ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കാന്‍ രണ്‍ബീര്‍ കപൂര്‍; കാരണം ഇതാണ്