കൊവിഡ് കാലത്തിനു ശേഷം ഏറ്റവും മികച്ച ഗ്രോസ്; കവിത തിയറ്ററില്‍ റെക്കോര്‍ഡ് നേട്ടവുമായി 'രോമാഞ്ചം'
നവാഗതനായ ജിത്തു മാധവനാണ് സംവിധായകന്‍
മലയാള സിനിമയില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന വിശേഷണത്തിന് അര്‍ഹമായ ചിത്രമാണ് രോമാഞ്ചം. വലിയ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ നിന്ന് എത്തിയ ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ആദ്യ വാരാന്ത്യം മുതല്‍ മികച്ച പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം വാരങ്ങള്‍ക്കിപ്പുറത്തും തിയറ്ററുകളില്‍ തിരക്ക് സൃഷ്ടിക്കുന്നുണ്ട്. വാരാന്ത്യങ്ങളില്‍ മലയാളി സിനിമാപ്രേമികളുടെ ആദ്യ ചോയ്സും രോമാഞ്ചം തന്നെ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ജനപ്രീതിക്ക് മറ്റൊരു തെളിവ് കൂടി പുറത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവുമധികം സീറ്റിംഗ് കപ്പാസിറ്റിയുള്ള തിയറ്ററുകളില്‍ ഒന്നായ എറണാകുളം കവിതയില്‍ ചിത്രം നേടിയ പ്രേക്ഷകരുടെ എണ്ണമാണ് അത്.
റിലീസ് ദിനം മുതല്‍ ഇങ്ങോട്ട് രോമാഞ്ചത്തിന്‍റെ 46,000 ടിക്കറ്റുകളാണ് കവിത തിയറ്റര്‍ വിറ്റിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷമുള്ള റിലീസുകളില്‍ ഇത് റെക്കോര്‍ഡ് ആണെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിക്കുന്നു. അതേസമയം ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 50 കോടിയോട് അടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം ചിത്രം 18 ദിവസങ്ങള്‍ കൊണ്ട് നേടിയത് 44 കോടിയാണ്.
2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്.