രണ്ടുവർഷം മറ്റൊരു പ്രൊജക്റ്റും ചെയ്യാത്ത ജയേട്ടൻ, കത്തനാർ വെറുമൊരു സിനിമയല്ല: റോജിൻ തോമസ്
വരും ദിവസങ്ങളിൽ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിടുമെന്നും റോജിൻ അറിയിച്ചു.
മലയാള സിനിമാസ്വാദകർ ഏറെ കാലമായി കാത്തിരിക്കുന്ന സിനിമയാണ് കത്തനാർ. ജയസൂര്യ നായകനായി എത്തുന്ന ഈ ത്രീഡി ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. ഹോം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ ഒരുക്കുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടി, പ്രഭു ദേവ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പതിനെട്ട് മാസം നീണ്ടുനിന്ന കത്തനാർ ഷൂട്ടിന് കഴിഞ്ഞ ദിവസം പാക്കപ്പായിരുന്നു.
കത്തനാർ വെറുമൊരു സിനിമയല്ലെന്നും അക്ഷീണമായ അധ്വാനത്തിൻ്റെയും സ്വപ്നത്തിലുള്ള വിശ്വാസത്തിൻ്റെയും ഫലമാണെന്ന് പറയുകാണ് റോജിൻ ഇപ്പോൾ. പാക്കപ്പ് വിവരം പങ്കുവച്ച് കൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. ഗോകുലം ഗോപാലനും ജയസൂര്യയും അണിയറ പ്രവർത്തകരും ഇല്ലായിരുന്നുവെങ്കിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കില്ലായിരുന്നുവെന്നും റോജിൻ പറയുന്നു.
'ഹോമിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി, എല്ലാ ദിവസവും എൻ്റെ 100% പ്രയത്നവും കത്തനാരിന് നൽകാൻ പറ്റണേയെന്നപ്രാർത്ഥനയോടെയാണ് ഞാൻ ഉണർന്നിരുന്നത്. ആറ് ഷെഡ്യൂളുകളിലായി 212 ദിവസവും 18 അവിശ്വസനീയമായ മാസങ്ങളും എടുത്ത് ഞങ്ങൾ ചിത്രീകരണം പൂർത്തിയാക്കുമ്പോൾ ഇന്ന് ഞാൻ ഏറെ സന്തോഷവാനാണ്. റോമിൽ ഷൂട്ട് ചെയ്യാനുള്ള ഒരു ചെറിയ ഷെഡ്യൂൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്', എന്ന് റോജിൻ തോമസ് പറയുന്നു.
'കത്തനാർ വെറുമൊരു സിനിമയല്ല. അത് അക്ഷീണമായ അധ്വാനത്തിൻ്റെയും സ്വപ്നത്തിന്മേലുള്ള വിശ്വാസത്തിൻ്റെയും സിനിമയോടുള്ള സ്നേഹത്താൽ ഒരുമിച്ച ഒരു ടീമിൻ്റെ ശക്തിയുടെയും ഫലമാണ്. ശ്രീ ഗോകുലം ഗോപാലൻ സാറിന്റെ അചഞ്ചലമായ വിശ്വാസം ഇല്ലായിരുന്നെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഞങ്ങൾക്കൊപ്പം അദ്ദേഹം നിന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണേട്ടനായിരുന്നു ഞങ്ങളെ താങ്ങിനിർത്തിയത്. പിന്നെ രണ്ട് വർഷം മുഴുവൻ മറ്റൊരു പ്രൊജക്റ്റും ഏറ്റെടുക്കാതെ മുന്നോട്ട് പോകാൻ ധൈര്യം തന്ന ജയേട്ടൻ. അദ്ദേഹത്തിന് മനംനിറഞ്ഞ നന്ദി അറിയിക്കുകയാണ്. എൻ്റെ അത്ഭുതകരമായ സാങ്കേതിക സംഘം ഇല്ലായിരുന്നെങ്കിൽ, കത്തനാരെക്കുറിച്ചുള്ള എൻ്റെ സ്വപ്നം ഒരു സ്വപ്നമായി മാത്രം നിൽക്കുമായിരുന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനമായ അനുഷ്‌ക ഷെട്ടി ഞങ്ങളുടെ ടീമിൻ്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുകയാണ്', എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിടുമെന്നും റോജിൻ അറിയിച്ചു.
പൃഥ്വിരാജ് ഇനി 'ആമിര്‍ അലി', 'ടർബോ'യ്ക്ക് ശേഷം വൈശാഖിന്റെ സംവിധാനം, 'ഖലീഫ' വൻ അപ്ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം