'ശ്രീ വെങ്കിടേശ്വര സുപ്രഭാതം', തൊഴുകൈയ്യോടെ മാധവൻ; 'റോക്കട്രി'യിലെ പാട്ടിന്റെ ടീസർ ഇറങ്ങി

നമ്പി നാരായണനായി ആർ. മാധവൻ അഭിനയിക്കുന്ന 'റോക്കട്രി: ദി നമ്പി എഫക്റ്റ്' ജൂലൈ ഒന്നിന് ആ​ഗോള റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന് വേണ്ടി ശ്രീ വെങ്കിടേശ്വര സുപ്രഭാതം ​ഗാനം പുനരവതരിപ്പിച്ച് ദിവാകർ സുബ്രഹ്‌മണ്യം

ROCKETRY The Nambi effect SRI VENKATESA SUPRABATHAM song teaser R Madhavan

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന 'റോക്കട്രി: ദി നമ്പി എഫക്റ്റ്' എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. 'ശ്രീ വെങ്കിടേശ്വര സുപ്രഭാതം' ആണ് ചിത്രത്തിനായി പുറത്തിറക്കിയത്. സംവിധായകൻ കൂടിയായ മാധവനാണ് സുപ്രഭാതത്തിന്റെ പുതിയ വേർഷൻ പുറത്തുവിട്ടത് . 

 'ശ്രീ വെങ്കിടേശ്വര സുപ്രഭാതം' വീഡിയോ ടീസർ മാധവൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

"ഇത് ഞങ്ങളുടെ റോക്കട്രി എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ സുപ്രഭാതത്തിന്റെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പതിപ്പാണ്. സുപ്രഭാതത്തിന്റെ സ്ലോ വേർഷൻ എനിക്ക് എപ്പോഴും ഇഷ്ടമാണ്. പക്ഷേ, ആളുകൾ ഒരു നിശ്ചിത താളത്തിലാണ് പാടിയിരിക്കുന്നതെന്ന് മനസ്സിലായി.തുടർന്ന് സുപ്രഭാതം വീണ്ടും കമ്പോസ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എന്റെ സംഗീതസംവിധായകൻ ദിവാകർ അത് ശരിക്കും ചെയ്തു." - ആർ. മാധവൻ ട്വീറ്റു ചെയ്തു.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സുപ്രഭാതം ടീസർ കഴിഞ്ഞ ദിവസണാണ് പുറത്തുവിട്ടത്. ക്ഷേത്രങ്ങളിൽ  ദേവനെ ഉണർത്താൻ അതിരാവിലെ തന്നെ ഹിന്ദു മതത്തിൽ ചൊല്ലുന്ന വാക്യങ്ങളുടെ ഒരു ശേഖരമാണിത്. ദിവാകർ സുബ്രഹ്‌മണ്യമാണ് സിനിമയ്ക്ക് വേണ്ടി പാട്ട് പുനരവതരിപ്പിച്ചത്. 
 
2022 ജൂലായ് ഒന്നിനാണ് 'റോക്കട്രി' ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ആർ. മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വർഗീസ് മൂലൻ ഗ്രൂപ്പ് 2018-ൽ ആണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. 'വിജയ് മൂലൻ ടാക്കീസി'ന്റെ ബാനറിൽ 'ഓട് രാജാ ഓട്' എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.

ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരുഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ വൈറലായിരുന്നു. നമ്പി നാരായണൻ ചാരക്കേസിൽ അകപ്പെട്ട 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആർട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.

ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷമാണ് സിനിമയിൽ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മലയാളി സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആർ.ഒ ആതിര ദിൽജിത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios