'ഷൂട്ടിംഗ് കാട്ടിലായതിനാൽ ധാരാളം ക്രൂ അംഗങ്ങള്‍ പിന്മാറി': 'കാന്താര'യെ കുറിച്ച് റിഷഭ് ഷെട്ടി
സെപ്റ്റംബര്‍ 30നായിരുന്നു കാന്താരയുടെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്.
സമീപകാലത്ത് റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട തെന്നിന്ത്യൻ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകനായും എത്തിയത്. ശിവ എന്ന കഥാപാത്രമായി റിഷഭ് ഷെട്ടി തകർത്താടിയപ്പോൾ അത് സിനിമാസ്വാദകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് സെപ്റ്റംബറിൽ ആണ് റിലീസ് ചെയ്തത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടി. ഇതിന് പിന്നാലെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളും തിയറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ കാന്താരയുടെ ഷൂട്ടിനിടയിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് റിഷഭ് ഷെട്ടി.
'കാന്താര നിര്‍മ്മിക്കുമ്പോള്‍ ഇതിന്റെ വെല്ലുവിളികളെ കുറിച്ചല്ല ഞങ്ങള്‍ സംസാരിച്ചത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഇക്കാര്യം ചോദിക്കുമ്പോള്‍ ഞാന്‍ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് കാന്താര നിര്‍മ്മിച്ചത്. 2021 സെപ്റ്റംബറില്‍ ആയിരുന്നു ഷൂട്ട് തുടങ്ങിയത്. ഈ വര്‍ഷം സെപ്റ്റംബറിൽ സിനിമ റിലീസ് ചെയ്യുകയും ചെയ്തു. ഏകദേശം 96 ദിവസങ്ങളാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. അതില്‍ ഏകദേശം 55 ദിവസങ്ങളില്‍ 18 മണിക്കൂര്‍ ജോലി ചെയ്തു. രാത്രി മുഴുവന്‍ ഷൂട്ടിംഗ്. കാട്ടില്‍ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ ധാരാളം ക്രൂ അംഗങ്ങള്‍ സിനിമയില്‍ നിന്നും പിന്മാറുന്ന അവസ്ഥ ഉണ്ടായി. എല്ലാ ഷെഡ്യൂളും പൂര്‍ത്തിയായപ്പോഴേയ്ക്കും കുറച്ചാളുകളായി ഞങ്ങളുടെ ക്രൂ ചുരുങ്ങി', എന്ന് റിഷഭ് ഷെട്ടി പറയുന്നു.
24 മണിക്കൂർ, 30 മില്യൺ കാഴ്ചക്കാർ; ഒടിടിയിൽ നേട്ടം കൊയ്ത് ദുൽഖറിന്റെ 'ഛുപ്'
അതേസമയം, തന്റെ കർമ്മ ഭൂമി കന്നഡ സിനിമാ മേഖല ആണെന്നും കന്നഡ സിനിമകള്‍ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും റിഷഭ് ഷെട്ടി പറഞ്ഞു. ബോളിവുഡില്‍ പ്രവർത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നും റീച്ച് കിട്ടുകയാണെങ്കില്‍ ഹിന്ദിയിലും മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്ത് സിനിമകൾ റിലീസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബര്‍ 30നായിരുന്നു കാന്താരയുടെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. ഇതിനോടകം 400 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു കാന്താര കേരളത്തിൽ എത്തിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.