അവസാന ചിത്രവും 500 കോടി ക്ലബ്ബില്‍; ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാ നിര്‍മ്മാതാവ് ബോളിവുഡില്‍ നിന്നല്ല!
ആദ്യ സ്ഥാനത്തൊഴികെ മറ്റെല്ലാ സ്ഥാനങ്ങളിലും ബോളിവുഡില്‍ നിന്ന് ഉള്ളവര്‍
ഇന്ത്യന്‍ സിനിമാവ്യവസായം വളര്‍ച്ചയുടെ പാതയിലാണ്. ബോക്സ് ഓഫീസില്‍ 500 കോടി, 1000 കോടി ക്ലബ്ബ് ഒക്കെ നേടുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ നിരവധിയാണ് ഇപ്പോള്‍. ഒരുകാലത്ത് ബോളിവുഡ് മാത്രമാണ് നേടുന്ന സാമ്പത്തിക വിജയങ്ങളുടെ കാര്യത്തില്‍ ഞെട്ടിച്ചിരുന്നതെങ്കില്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമയും അത്തരത്തില്‍ നേട്ടമുണ്ടാക്കുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമയെ ബോളിവുഡും ഗൌരവത്തില്‍ എടുക്കുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്ര നിര്‍മ്മാതാവിനെ എടുത്താലും അത് ഹിന്ദി സിനിമയില്‍ നിന്നല്ല എന്നത് കൌതുകകരമാണ്. മറിച്ച് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നാണ് ആ നിര്‍മ്മാതാവ്.
സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരനാണ് ഇന്ത്യയിലെ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ കൂട്ടത്തില്‍ ഏറ്റവും ധനികന്‍. ഫോര്‍ബ്സ് 2022 ല്‍ പുറത്തിറക്കിയ കണക്ക് പ്രകാരം കലാനിധി മാരന്‍റെ ആസ്തി 19,000 കോടി രൂപയാണ്. ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കലാനിധി മാരനും ഭാര്യ കാവേരി കലാനിധിയും ചേര്‍ന്ന് വാങ്ങുന്ന വാര്‍ഷിക ശമ്പളം 87.50 കോടി രൂപയാണ്. 2017- 2018 കാലം മുതല്‍ ഇതേ ശമ്പളമാണ് ഇവര്‍ക്ക്. ഇന്ത്യയില്‍ ഏറ്റവും ശമ്പളം വാങ്ങുന്ന എക്സിക്യൂട്ടീവുകളും ഇവരാണ്. ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സണ്‍ പിക്ചേഴ്സിന് പുറമെ ടെലിവിഷന്‍ ചാനലുകളും വര്‍ത്തമാന പത്രങ്ങളും വാരികകളും എഫ്എം റേഡിയോ സ്റ്റേഷനുകളും ഡിടിഎച്ച് സര്‍വ്വീസുകളും ഐപിഎല്‍ ടീം ആയ സണ്‍ റൈസേഴ്സ് ഹൈദരാബാദുമൊക്കെ സണ്‍ ഗ്രൂപ്പിന് കീഴില്‍ വരുന്നതാണ്.
ഇന്ത്യയിലെ ഏറ്റവും ധനികരായ മറ്റ് ചലച്ചിത്ര നിര്‍മ്മാതാക്കളെല്ലാം ബോളിവുഡില്‍ നിന്നാണ്. 12,800 കോടി ആസ്തിയുള്ള റോണി സ്ക്രൂവാല രണ്ടാം സ്ഥാനത്തും 7500 കോടി ആസ്തിയുള്ള ആദിത്യ ചോപ്ര മൂന്നാം സ്ഥാനത്തുമാണ്. ഇറോസിന്‍റെ അര്‍ജന്‍, കിഷോര്‍ ലുല്ല എന്നിവരുടെ ആസ്തി 7400 കോടിയാണ്. ഇവരാണ് നാലാം സ്ഥാനത്ത്. അഞ്ചാമത് കരണ്‍ ജോഹറും (1700 കോടി) ആറാമത് ഗൌരി ഖാനുമാണ് (1600 കോടി). 1500 കോടി ആസ്തിയുള്ള ആമിര്‍ ഖാന്‍ ആണ് ഏഴാമത്. എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍ 1000 കോടി വീതം ആസ്തിയുള്ള സാജിദ് നദിയാവാല, ഭൂഷണ്‍ കുമാര്‍, ഏക്ത കപൂര്‍ എന്നിവരാണ്.
ALSO READ : ആ ഡയലോഗ് കമല്‍ ഹാസന്‍ എങ്ങനെ പറഞ്ഞു!? 13 വര്‍ഷം മുന്‍പ് കാട്ടിയ അതേ അത്ഭുതം വീണ്ടും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക