ജയറാമിന്റെ 'അബ്രഹാം ഓസ്‍ലർ', ഗസ്റ്റ് റോളിൽ മമ്മൂട്ടി? റിപ്പോർട്ടുകൾ ഇങ്ങനെ
ഒരിടവേളയ്ക്ക് ശേഷം ജയറാം അഭിനയിക്കുന്ന മലയാള സിനിമ.
പേരിലെ കൗതുകം കൊണ്ടും അണിയറ പ്രവര്‍ത്തകരെ കൊണ്ടും ശ്രദ്ധനേടുന്ന ചിത്രമാണ് 'അബ്രഹാം ഓസ്‍ലർ'. ഒരിടവേളയ്ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ഈ മലയാള ചലച്ചിത്രം മിഥുൻ മാനുവൽ തോമസ് ആണ് സംവിധാനം ചെയ്യുന്നത്. 'അഞ്ചാം പാതിരാ'യ്‍ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. ഈ അവസരത്തിൽ ചിത്രത്തിലെ ഒരു ഗസ്റ്റ് റോളുമായി ബന്ധപ്പെട്ട ചർച്ചകളാണ് ട്വിറ്ററിൽ ശ്രദ്ധനേടുന്നത്.
അബ്രഹാം ഓസ്‍ലറിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ സുപ്രധാനമായ വേഷമാകും ഇതെന്നും 15 മിനിറ്റാകും മമ്മൂട്ടിയുടെ റോളുള്ളതെന്നും ചർച്ചകളുണ്ട്. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ധ്രുവം, ട്വന്റി ട്വന്റി, കനൽക്കാറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജയറാമും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ കൂടി ആയിരിക്കും ഇത്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
മെയ് ഇരുപതിനാണ് അബ്രഹാം ഓസ്‍ലർ ആരംഭിച്ചത്. ജയറാമും സായ്‍കുമാറും പങ്കെടുക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് 'അബ്രഹാം ഓസ്‍ലര്‍'. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രം. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രൺധീർ കൃഷ്‍ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ.
'ആലോചിച്ച് പറഞ്ഞാൽ വെന്റിലേറ്റർ ഓഫ് ചെയ്യാമെന്ന് ഡോക്ടർ, അര മണിക്കൂറിൽ അത്ഭുതം സംഭവിച്ചു'; ബാല
സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, നിര്‍മാണം ഇര്‍ഷാദ് എം ഹസ്സൻ, മിഥുൻ മാനുവല്‍ തോമസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.