'പുഷ്പ 2'വിന് പ്രതിഫലം വേണ്ട; മറ്റൊരു ഡിമാന്റുമായി അല്ലു അർജുൻ, അമ്പരന്ന് സിനിമാസ്വാദകർ
ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം ഓഗസ്റ്റിൽ ആണ് തീരുമാനിച്ചിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗമാണ് ചിത്രം. ആദ്യ ഭാഗം രാജ്യമെമ്പാടും ചർച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ ആണ് പുഷ്പ അവസാനിച്ചത്. വരാനിരിക്കുന്ന സിനിമയിൽ വൻ ആക്ഷൻ സ്വീക്വൻസുകൾ കാണാൻ സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ അല്ലു അർജുന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.
തന്നെ പാൻ- ഇന്ത്യൻ താരമെന്ന ലേബലിൽ പ്രതിഷ്ഠിച്ച പുഷ്പയുടെ രണ്ടാം ഭാഗത്തിൽ 125 കോടി ആകും അല്ലു അർജുൻ പ്രതിഫലമായി വാങ്ങിക്കുക എന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ തനിക്ക് സിനിമിൽ പ്രതിഫലം വേണ്ടെന്ന് അല്ലു പറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ പകരം മറ്റൊരു ഡിമാന്റ് നിർമാതാക്കൾക്ക് മുൻപിൽ അല്ലു അർജുൻ വച്ചിട്ടുണ്ട്.
മമ്മൂട്ടി സാർ പ്രചോദനം, ജനഹൃദയം കീഴടക്കിയ എന്റെ ഓമന: 'കാതലി'നെ പുകഴ്ത്തി സൂര്യ
പുഷ്പ 2വിന്റെ റിലിസിന് ശേഷം നിർമാതാക്കൾക്ക് ലഭിക്കുന്ന ലഭത്തിൽ 33 ശതമാനം തനിക്ക് നൽകണമെന്ന് അല്ലു അർജുൻ പറഞ്ഞതെന്നാണ് റിപ്പോർട്ട്. അതായത് 1000കോടി പുഷ്പ 2വിന് ലഭിക്കുക ആണെങ്കിൽ 330കോടിയോളം രൂപ നടന് നൽകേണ്ടി വരും. ഇക്കാര്യം നിർമാതാക്കളായ മൈത്രി മൂവീസ് സമ്മതിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 500കോടിയാണ് പുഷ്പയുടെ ബജറ്റ് എന്നാണ് വിവരം. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം ഓഗസ്റ്റിൽ ആണ് തീരുമാനിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..