'എൻ നെഞ്ചില്‍ കുടിയിരിക്കും'; ഇനി ആ വാക്കുകൾ കേൾക്കാനാവില്ലേ ? വിജയ് ആരാധകരെ നിരാശരാക്കി റിപ്പോർട്ട്
വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ റിലീസ് ചെയ്യുന്ന സിനിമ ആയതുകൊണ്ട് തന്നെ ദ ഗോട്ടിന് പ്രതീക്ഷ ഏറെയാണ്.
മലയാളത്തിലെ നടന്മാരെ പോലെ തന്നെ കേരളത്തിൽ ഒട്ടനവധി ആരാധകവൃന്ദമുള്ള നടനാണ് ദളപതി വിജയ്. താരത്തിന്റേതായി റിലീസ് ആകുന്ന സിനിമകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ഓരോരുത്തരും കാത്തിരിക്കാറുള്ളത്. താരത്തിന്‍റെ പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ഓരോ ആരാധകനും കാത്തിരിക്കുന്നൊരു കാര്യമുണ്ട്. ഓഡിയോ ലോഞ്ചിലെ വിജയിയുടെ സ്പീച്ച്. 'എൻ നെഞ്ചില്‍ കുടിയിരിക്കും..' എന്ന് തുടങ്ങുന്ന കുട്ടിസ്റ്റോറികൾ കേൾക്കാനായി ഏവരും അക്ഷമരായാണ് കാത്തിരിക്കാറുള്ളതും. എന്നാൽ 'ദ ഗോട്ട്' എന്ന പുതിയ ചിത്രത്തിന് ഓഡിയോ ലോഞ്ച് ഉണ്ടാകില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
2024 സെപ്റ്റംബർ 5നാണ് 'ദ ഗോട്ട്' എന്ന് വിളിപ്പേരുള്ള 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന വിജയ് ചിത്രത്തിന്റെ റിലീസ്. ഇതിന് മുന്നോടിയായി ഓഡിയോ ലോഞ്ച് ഉണ്ടാകുന്നതും ഉണ്ടാകാത്തതും വിജയ് പറയുന്നത് അനുസരിച്ച് ഇരിക്കുമെന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു പറഞ്ഞിരുന്നു. എന്നാൽ ഈ പരിപാടി കാണില്ല എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ വിജയിയുടെ ഐതിഹാസിക പ്രസംഗത്തിനായി കാത്തിരുന്ന ആരാധകരിൽ വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. പ്രീ റിലീസ് ഈവന്റുകൾ ഉണ്ടാകില്ലെന്നും പറയപ്പെടുന്നുണ്ട്.
സിനിമയുടേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്ക് മോശം പ്രതികരണമാണ് ലഭിച്ചതെന്നും അതിനാലാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിയതെന്നുമാണ് ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ യുവൻ ശങ്കർരാജയുടെ സഹോദരി ഭവതാരിണിയുടെ വിയോഗവും ഓഡിയോ ലോഞ്ച് മാറ്റുന്നതിന് കാരണമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
'യാരിന്ത ദേവതൈ'; ജാൻവി കപൂറിനെ കണ്ടമ്പരന്ന് ആരാധകർ, ജൂനിയർ എൻടിആറിനൊപ്പം നിറഞ്ഞാടി താരം
വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ റിലീസ് ചെയ്യുന്ന സിനിമ ആയതുകൊണ്ട് തന്നെ ദ ഗോട്ടിന് പ്രതീക്ഷ ഏറെയാണ്. ഈ സിനിമയുടെ റിലീസിന് ശേഷം കരാറിലുള്ള മറ്റ് ചിത്രങ്ങളിലും അഭിനയിച്ച ശേഷം വിജയ് സിനിമ കരിയറിനോട് വിട പറയുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..