വിനായകന്റെ 'പോര്' ഇനി വിക്രമിനോട്, 'മനസിലായോ സാറേ'
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'ധ്രുവ നച്ചത്തിരം'.
സമീപകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഒന്നാകെ പേര് കേട്ട ഒരു വില്ലൻ കഥാപാത്രമുണ്ട്. മലയാളത്തിന്റെ വിനായകൻ അവതരിപ്പിച്ച 'വർമൻ' ആയിരുന്നു ആ കഥാപാത്രം. രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ജയിലറിൽ കട്ടയ്ക്ക് നിന്ന വിനായകനെ മുൻനിരതാരങ്ങൾ ഉൾപ്പടെ ഉള്ളവർ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. മലയാളവും തമിഴും ഇടകലർന്ന് സംസാരിക്കുന്ന വില്ലനായുള്ള നടന്റെ പകർന്നാട്ടം കണ്ട് സിനിമാസ്വാദകർ ഒന്നടങ്കം പറഞ്ഞു, 'ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വില്ലനാണ് വർമൻ'. ജയിലർ ആവേശം ഒരുവശത്ത് തുടർന്ന് കൊണ്ടിരിക്കെ വിനായകന്റെ മറ്റൊരു കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തമിഴ് സിനിമാസ്വാദകർ കാലങ്ങളായി കാത്തിരിക്കുന്ന 'ധ്രുവ നച്ചത്തിരം' എന്ന ചിത്രത്തിൽ ആണ് വിനായകൻ അഭിനയിക്കുന്നത്. അതും ചിയാൻ വിക്രമിന്റെ വില്ലനായി. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'സമീപകാലത്തെ ഏറ്റവും ശക്തമായ വില്ലൻ' എന്നാണ് ജയിലറിലെ വിനായകന്റെ കഥാപാത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ചിത്രത്തിൽ വിനായകൻ വില്ലനായെത്തുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധ്രുവ നച്ചത്തിരം'. 2018ൽ ആയിരുന്നു വിക്രമിനെ നായകനാക്കിയുള്ള ചിത്രം ഗൗതം വാസുദേവ് പ്രഖ്യാപിക്കുന്നത്. എന്നാൽ പലകാരണങ്ങളാകും ചിത്രം നീണ്ടുപോകുക ആയിരുന്നു. ഒടുവിൽ ചിത്രം 2023 ജൂലൈ 14ന് റിലീസ് ചെയ്യുമെന്ന അപ്ഡേറ്റും പുറത്തുവന്നെങ്കിലും അതും നടന്നില്ല. അധികം വൈകാതെ തന്നെ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
ഒരു സ്‍പൈ ത്രില്ലര്‍ ഗണത്തിലുള്ളതാണ് 'ധ്രുവ നച്ചത്തിരം' എന്നാണ് വിവരം. വിക്രമും ഗൗതം വാസുദേവ് മോനോനും ഒന്നിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുമില്ല. ഈ കണക്ക് കൂട്ടലുകൾക്ക് ഒപ്പമാണ് വിനായകനും ചിത്രത്തിൽ വില്ലനായി എത്തുന്നത്. ജയിലറിന്റെ വർമൻ പ്രശംസിക്കപ്പെടുമ്പോൾ, 'ധ്രുവ നച്ചത്തിര'ത്തിനും വൻ പ്രതീക്ഷയാണ്.
'ജയിലർ കാ ഹുക്കും'; 11 ദിവസത്തിൽ റെക്കോർഡ് കളക്ഷൻ, കണക്കുകളുമായി ഏരീസ് പ്ലെക്സ്
വിക്രമിനും വിനായകനും ഒപ്പം ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്ഗ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനും വിക്രമിന്റേതായി റിലീസിന് ഒരുങ്ങുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..