'പടവെട്ടി'ലെ പുഷ്പ; രമ്യ സുരേഷിന് ഇനിയും വേണം കാമ്പുള്ള വേഷങ്ങൾ

"ഓഡിഷന് പങ്കെടുത്തപ്പോൾ തന്നെ സംവിധായകൻ പറഞ്ഞു: ഇത് പ്രാധാന്യമുള്ള വേഷമാണ്, അതുകൊണ്ടുതന്നെ കിട്ടാൻ ബുദ്ധിമുട്ടുമാണ്"

Remya Suresh actress padavettu interview

പന്ത്രണ്ടാം ക്ലാസ്സ് വരെ സ്കൂളിൽ നാടകത്തിലും ഫാൻസി ഡ്രസ് മത്സരത്തിലും ആവേശത്തോടെ പങ്കെടുത്തിരുന്ന രമ്യ ജീവിതത്തിൽ ആദ്യം ഒരു നഴ്സാണായത്. ദുബായ് ന​ഗരത്തിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്തു, വിവാഹം കഴിച്ചു, കുട്ടികളുണ്ടായി, നഴ്സിങ് ഉപേക്ഷിച്ചു, വീട്ടുകാരിയായി ഒതുങ്ങി.

വയസ്സ് 34 എത്തിയപ്പോൾ രമ്യ സുരേഷ് വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചു. ഇത്തവണ സിനിമയായിരുന്നു ലക്ഷ്യം. മലയാള സിനിമയിൽ ആരും റെക്കമെൻഡ് ചെയ്യാനില്ലാത്ത രമ്യ, ദുബായ് ന​ഗരത്തിൽ ഒരു ഓഡിഷനിൽ പങ്കെടുത്തു. സുരാജ് വെഞ്ഞാറമൂട് നായകനായ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രമാണ് രമ്യ ചെയ്തത്.

Remya Suresh actress padavettu interview

ഇതുവരെ രമ്യ ചെയ്തത് 18 സിനിമകൾ. അതിൽ ഒൻപതെണ്ണം റിലീസ് ആയി. ചെയ്തതിൽ ഏറ്റവും മികച്ച റോൾ എന്ന് രമ്യ സുരേഷ് വിശേഷിപ്പിക്കുന്ന 'പടവെട്ടി'ലെ 'പുഷ്പ', രമ്യയെ എല്ലാവരും ശ്രദ്ധിക്കുന്ന നടിയാക്കി മാറ്റി.

"കാസ്റ്റിങ് കോൾ കണ്ടിട്ട് ഞാൻ ഓഡിഷനിൽ പങ്കെടുത്തു. അങ്ങനെയാണ് പടവെട്ട് സിനിമയിലെ പുഷ്പയുടെ വേഷം കിട്ടുന്നത്." രമ്യ സുരേഷ് പറയുന്നു.

"പ്രാധാന്യമുള്ള വേഷമാണെന്ന് സംവിധായകൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കിട്ടാനും ബുദ്ധിമുട്ടാണെന്ന് ഓർമ്മിപ്പിച്ചു. ​ഗ്രാമീണയായ ഒരു സ്ത്രീയുടെ വേഷമാണ്. സെലക്ഷൻ കിട്ടിയത് ശേഷമാണ് കാര്യങ്ങൾ മനസ്സിലായത്".

സാധാരണക്കാരിയായ ഒരു നാട്ടുംപുറംകാരിയാണ് പുഷ്പ. ചുറുചുറുക്കുള്ള തന്റേടിയായ സ്ത്രീ. ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള കഷ്ട്പ്പാടിലാണ് പുഷ്പ. പക്ഷേ, പറയാനുള്ളത് കണ്ണുംപൂട്ടി പറയാൻ അവർക്ക് മടിയില്ല.

Remya Suresh actress padavettu interview

തെങ്ങ് കയറുന്ന, ആരോടും കയർക്കാൻ മടിയില്ലാത്ത പുഷ്പയെ പ്രേക്ഷകർ സ്വീകരിച്ചു എന്നാണ് രമ്യ സുരേഷ് പറയുന്നത്.

"സിനിമ ഇറങ്ങിയതിന് ശേഷം എനിക്ക് വന്ന ഫോൺകോളുകൾക്ക് കണക്കില്ല. ഒരുപാട് പേർ വിളിച്ചു. ഒന്നും പറയാനില്ല, പൊളിച്ചടുക്കി, ഇത്രയും പ്രതീക്ഷിച്ചില്ല... എന്നൊക്കെ എല്ലാവരും പറയുന്നു. ഇത്രയും വലിയൊരു വേഷമാണെന്ന് അടുത്തറിയാവുന്നവർക്ക് പോലും സിനിമ കാണുന്നത് വരെ അറിയില്ലായിരുന്നു"

സ്ഥിരം അമ്മ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് രക്ഷിക്കുന്ന വേഷമായിരിക്കും 'പടവെട്ടി'ലെതെന്നാണ് രമ്യ കരുതുന്നത്.

Remya Suresh actress padavettu interview

"ആദ്യ സിനിമയ്ക്ക് ശേഷം ഞാൻ ഒരു അമ്മ വേഷം ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടതോടെ അമ്മ വേഷം മാത്രമേ കിട്ടാറുള്ളൂ. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. പക്ഷേ, മലയാളത്തിൽ ഒരു അമ്മ വേഷം ചെയ്താൽ പിന്നെ അത് തന്നെയായിരിക്കും വീണ്ടും വീണ്ടും ചെയ്യേണ്ടി വരിക. സുരാജ് വെഞ്ഞാറമൂട് തന്നെ മുൻപ് പറഞ്ഞിട്ടില്ലേ, അദ്ദേഹം കോമഡി വേഷങ്ങൾ മാത്രം ചെയ്യുന്ന കാലത്താണ് ആക്ഷൻ ഹീറോ ബിജു സിനിമയിൽ സീരിയസ് ആയ വേഷം കിട്ടിയത്. പിന്നീട് എല്ലാ റോളുകളും സീരിയസ് ആയി."

നഴ്സിങ് ജോലി ഉപേക്ഷിച്ചതിനോട് കുടുംബത്തിൽ ആർക്കും താൽപര്യമുണ്ടായിരുന്നില്ല. മക്കൾ അൽപ്പം വലുതായിക്കഴിഞ്ഞ് വീണ്ടും ജോലി ചെയ്യുമെന്നാണ് അവർ കരുതിയത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം തന്നെ എതിർപ്പുകളായി - രമ്യ സുരേഷ് പറയുന്നു.

Remya Suresh actress padavettu interview

ആദ്യം ഓഡിഷൻ കഴിഞ്ഞ് സെലക്ഷൻ ആയപ്പോൾ തന്നെ, ഇത് അവസാനത്തെ അഭിനയമാണ് ഇനി അനുവാദം ചോദിക്കരുതെന്നായിരുന്നു ശാസന - രമ്യ സുരേഷ് പറയുന്നു. ഭർത്താവിന്റെ അച്ഛനോട് പറഞ്ഞ് സമ്മതിപ്പിച്ചാണ് രമ്യ വീണ്ടും ഓഡിഷന് പോയത്. ഇതോടെ അഭിനയം നിർത്തണം എന്നായിരുന്നു ഉപദേശം. സിനിമകൾ ശ്രദ്ധിക്കപ്പെട്ടതോടെ അച്ഛനും എതിർപ്പുകൾ മാറി. ആളുകൾ അച്ഛനോട് സിനിമയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.

"ഇപ്പോൾ ഒരാഴ്ച്ച സിനിമ ഇല്ലാതെ ഞാൻ വീട്ടിലിരുന്നാൽ അച്ഛൻ ചോദിക്കും: ഇപ്പോൾ ഷൂട്ടിങ് ഒന്നും ഇല്ലേ?"

തൽക്കാലം പുതിയ സിനിമകളൊന്നും രമ്യ സുരേഷ് ഏറ്റെടുത്തിട്ടില്ല. നല്ല വേഷങ്ങളിലേക്ക് 'പടവെട്ട്' വഴിതുറക്കുമെന്നാണ് രമ്യ കരുതുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios