'പിതാമഹനി'ല്‍ വിക്രത്തിനും സൂര്യയ്ക്കും നല്‍കിയ പ്രതിഫലം എത്ര? വെളിപ്പെടുത്തി നിര്‍മ്മാതാവ്
അതേസമയം ചികിത്സയ്ക്ക് പണമില്ലാതെ വലയുന്ന അവസ്ഥയിലാണ് വി എ ദുരൈ ഇപ്പോള്‍
തമിഴ് സിനിമാപ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബാലയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തെത്തിയ പിതാമഹന്‍. വിക്രം, സൂര്യ, ലൈല, സംഗീത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം തമിഴ് സിനിമ അതുവരെ കാണാത്ത തരത്തിലുള്ള ഒരു ചിത്രമായിരുന്നു. വിക്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവുമൊക്കെ നേടിക്കൊടുത്ത ചിത്രം ഒട്ടനവധി മറ്റ് അവാര്‍ഡുകളും നേടി. എന്നാല്‍ ഈ ചിത്രം നിര്‍മ്മാതാവിനെ സംബന്ധിച്ച് ലാഭമുണ്ടാക്കിയ ഒന്നല്ല. ചിത്രം തനിക്കുണ്ടാക്കിയ നഷ്ടത്തെക്കുറിച്ച് നിര്‍മ്മാതാവ് വി എ ദുരൈ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
13 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 50 ലക്ഷം രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാവിന് ഉണ്ടാക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കും സംവിധായകനും നല്‍കിയ പ്രതിഫലം എത്രയെന്നും അഭിമുഖത്തില്‍ ദുരൈ പറയുന്നുണ്ട്. കരിയറിന്‍റെ രണ്ട് തലങ്ങളില്‍ നില്‍ക്കുന്ന താരങ്ങളായിരുന്നു ആ സമയത്ത് വിക്രവും സൂര്യയും. വിക്രം ദൂളും സാമിയും ജെമിനിയുമൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. 1.25 കോടിയാണ് പിതാമഹനിലെ അഭിനയത്തിന് വിക്രത്തിന് പ്രതിഫലമായി നല്‍കിയത്. സംവിധായകന്‍ ബാലയ്ക്ക് 1.15 കോടിയും നല്‍കി. എന്നാല്‍ ആ സമയത്ത് വിക്രവുമായി തട്ടിച്ചു നോക്കുമ്പോള്‍ വലിയ താരമൂല്യം ഇല്ലായിരുന്ന സൂര്യയ്ക്ക് വെറും 5 ലക്ഷം രൂപയായിരുന്നു പിതാമഹനിലെ പ്രതിഫലം.
അതേസമയം ചികിത്സയ്ക്ക് പണമില്ലാതെ വലയുന്ന അവസ്ഥയിലാണ് വി എ ദുരൈ ഇപ്പോള്‍. അഭിമുഖത്തില്‍ അദ്ദേഹം തനിക്കൊപ്പം പ്രവര്‍ത്തിച്ച താരങ്ങളോട് സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. സൂര്യയാണ് ഈ അഭ്യര്‍ഥനയോട് ആദ്യം പ്രതികരിച്ചത്. ആദ്യഘട്ട സഹായം എന്ന നിലയില്‍ 2 ലക്ഷം രൂപ അദ്ദേഹം നല്‍കി. രജനീകാന്ത് ഫോണില്‍ വിളിച്ച് സഹായ വാഗ്ദാനം നല്‍കിയിട്ടുമുണ്ട്. ബാബയില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ച സമയത്ത് രജനീകാന്ത് 51 ലക്ഷം രൂപ നല്‍കി തന്നെ സഹായിച്ച കാര്യവും അഭിമുഖത്തില്‍ ദുരൈ ഓര്‍മ്മിക്കുന്നുണ്ട്.