ഡ്യൂപ്പ് ഇല്ലാതെ അക്ഷയ് കുമാര്‍; 'രാം സേതു' മേക്കിംഗ് വീഡിയോ
ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്
ആക്ഷന്‍ രംഗങ്ങളോട് താല്‍പര്യം പുലര്‍ത്തുന്ന താരമാണ് അക്ഷയ് കുമാര്‍. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ അത്തരം രംഗങ്ങളില്‍ കഴിവതും ഡ്യൂപ്പുകളെ ഒഴിവാക്കി സ്വയം ചെയ്യാറുമുണ്ട് അദ്ദേഹം. ചെറുപ്പത്തിലേ ആയോധന കലകള്‍ പരിശീലിപ്പിച്ചിട്ടുള്ള അക്ഷയ് കുമാറിന്‍റെ മെയ്വഴക്കം ബോളിവുഡിലെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരും സമ്മതിച്ചിട്ടുള്ള കാര്യമാണ്. അക്ഷയ് കുമാര്‍ നായകനായ പുതിയ ചിത്രം രാം സേതുവില്‍ ചില ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്. അണിയറക്കാര്‍ പുറത്തുവിട്ട മേക്കിംഗ് വീഡിയോയില്‍ അത്തരം രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ കൈ മെയ് മറന്ന് അധ്വാനിക്കുന്ന സൂപ്പര്‍താരത്തെ കാണാം.
ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്. ഡോ. ആര്യര്‍ കുല്‍ശ്രേഷ്ത എന്ന ആര്‍ക്കിയോളജിസ്റ്റിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുടെ ആദ്യ ബോളിവുഡ് പ്രൊഡക്ഷന്‍ എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഇത്. അതേസമയം ദീപാവലി റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
ALSO READ : 'ജയ് ഭീം' സംവിധായകന്‍റെ ചിത്രത്തില്‍ വീണ്ടും സൂര്യ
ദീപാവലി റിലീസ് ആയി ചൊവ്വാഴ്ച എത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 15.25 കോടി ആയിരുന്നു. മികച്ച പ്രീ റിലീസ് ബുക്കിംഗ് ആണ് ഈ സംഖ്യയിലെത്താന്‍ ചിത്രത്തെ സഹായിച്ചത്. എന്നാല്‍ പിന്നീടിങ്ങളോട്ട് കളക്ഷനില്‍ ഇടിവ് തട്ടിത്തുടങ്ങി. ബുധനാഴ്ച 11.40 കോടിയും വ്യാഴാഴ്ച 8.75 കോടിയും മാത്രമാണ് ചിത്രത്തിന് നേടാനായത്. മൂന്ന് ദിവസങ്ങളിലെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 35.40 കോടി. ചെറു നഗരങ്ങളിലെ സിംഗിള്‍ സ്ക്രീനുകളില്‍ ചിത്രം മെച്ചപ്പെട്ട പ്രതികരണം നേടുമ്പോള്‍ മള്‍ട്ടിപ്ലെക്സുകളില്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു.