ലൈംഗികബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്ന രംഗം; 'ഓപ്പണ്‍ഹെയ്‍മറി'ലെ സീനില്‍ ചര്‍ച്ച, വിവാദം
സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ചിത്രത്തിലെ ഈ രംഗത്തിനെതിരെ ആദ്യമായി രംഗത്ത് വന്നത്
ലോകമാകമാനമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തില്‍ എത്തിയ ഓപ്പണ്‍ഹെയ്‍മര്‍. ഈ വാരാന്ത്യത്തില്‍ പ്രദര്‍ശനമാരംഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് നേടുന്നത്. അതിനിടെ ചിത്രത്തിലെ ഒരു രംഗം ഇന്ത്യയില്‍ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തില്‍ കില്ലിയന്‍ മര്‍ഫി അവതരിപ്പിച്ച ഓപ്പണ്‍ഹെയ്മര്‍ എന്ന ടൈറ്റില്‍ കഥാപാത്രം ലൈംഗികബന്ധത്തിനിടെ ഭഗവദ് ഗീത വായിക്കുന്ന രംഗമാണിത്.
സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ചിത്രത്തിലെ ഈ രംഗത്തിനെതിരെ ആദ്യമായി രംഗത്ത് വന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു രംഗം ഉണ്ടവാന്‍ ഇടയായ സാഹചര്യം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ഫൌണ്ടേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു. ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ഉദയ് മധുര്‍ക്കര്‍ ആണ് ഫൗണ്ടേഷന്‍റെ സ്ഥാപകന്‍. ഇത്തരം ഒരു രംഗത്തിന് സിബിഎഫ്സി എങ്ങനെ അനുമതി നല്‍കി എന്നത് നിങ്ങളെ അമ്പരപ്പിക്കുമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍ അഭിപ്രായപ്പെടുന്നു.
ഹിന്ദുത്വത്തിനെതിരായുള്ള പരുഷമായ ആക്രമണമാണ് ഓപ്പണ്‍ഹെയ്മറിലെ ചില രംഗങ്ങള്‍. ലൈംഗിക ബന്ധത്തിനിടെ ഒരു സ്ത്രീ തന്‍റെ പങ്കാളിയായ പുരുഷനെക്കൊണ്ട് ഭഗവദ് ഗീത വായിപ്പിക്കുന്ന രംഗമാണ് ഇത്. ഹിന്ദുത്വത്തെ സംബന്ധിച്ച് ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഗീത. വളരെ ധ്രുവീകരിക്കപ്പെട്ട ഒരു ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഈ സംഭവം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അന്വേഷിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം, സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.
അതേസമയം ലോകമെമ്പാടും ബോക്സ് ഓഫീസില്‍ ചിത്രം വന്‍ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. യുഎസില്‍ മാത്രം ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 80 മില്യണ്‍ ഡോളര്‍ (656 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്മര്‍ എന്ന, ലോകത്തിലെ ആദ്യ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്ക് വഹിച്ച തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്‍റെ ജീവിതം പറയുന്ന ചിത്രം എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
ALSO READ : മലയാളത്തില്‍ അടുത്ത സര്‍പ്രൈസ് ഹിറ്റ്? 'മധുര മനോഹര മോഹം' തിയറ്ററുകളില്‍ നിന്ന് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക