ഒടിടിയിലും താരം 'ആർഡിഎക്സ്'; ബാബു ആന്റണിയ്ക്ക് കയ്യടി, 'ലിയോ' പ്രകടനം കാത്ത് ആരാധകർ
ആർഡിഎക്സ് ക്ലൈമാക്സിൽ ബാബു ആന്റണിയുടെ ഫൈറ്റിന് വൻ വരവേൽപ്പാണ് ഒടിടി സ്ട്രീമിങ്ങിന് ശേഷവും ലഭിച്ചത്.
സർപ്രൈസ് ഹിറ്റായി മാറിയ 'ആർഡിഎക്സ്' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ നെറ്റ്ഫ്ലിക്സിലൂടെ ആണ് ചിത്രം ഒടിടിയിൽ എത്തിയത്. തിയറ്ററിൽ വൻ പ്രേക്ഷക - ബോക്സ് ഓഫീസ് പ്രതികരണം നേടിയ ചിത്രം ഒടിടിയിലും തരംഗം തീർക്കുന്നുവെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ട്വിറ്റർ ഹാൻഡിലുകളിൽ ആർഡിഎക്സിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
തിയറ്ററുകളിൽ ആവേശം നിറച്ച രംഗങ്ങളുടെ സ്ക്രീൻ റെക്കോർഡുകൾ പങ്കുവച്ചാണ് ഏവരും പ്രശംസകൾ അറിയിക്കുന്നത്. സാം സി എസിന്റെ മ്യൂസിക്കിനും ആന്റണി വർഗീസ്, പെപ്പെ, നീരജ് എന്നിവരുടെ അഭിനയത്തിനും സ്ക്രീൻ പ്രെസൻസിനും എല്ലാം നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ബാബു ആന്റണിയുടെ പെർഫോമൻസിനെ ആരാധകർ ഇരുകയ്യും നീട്ടി വീണ്ടും സ്വീകരിച്ചു കഴിഞ്ഞു.
ആർഡിഎക്സ് ക്ലൈമാക്സിൽ ബാബു ആന്റണിയുടെ ഫൈറ്റിന് വൻ വരവേൽപ്പാണ് ഒടിടി സ്ട്രീമിങ്ങിന് ശേഷവും ലഭിച്ചത്. ഇതോടെ ലോകേഷ് കനകരാജ് ബാബു ആന്റണിയെ 'ലിയോ'യിൽ എങ്ങനെ ഉപയോഗിച്ചു എന്നറിയാൻ കാത്തിരിക്കുകയാണ് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. വിജയിയുടെ ലിയോയിൽ വില്ലനായ സഞ്ജയ് ദത്തിന്റെ വലം കൈ ആയാണ് ബാബു ആന്റണി അഭിനയിക്കുന്നത് എന്നാണ് വിവരം. ആർഡിഎക്സ് അതി ഗംഭീരമാക്കി ഒരുക്കിയ സംവിധായകൻ നവാസ് ഹിദായത്തിനും പ്രശംസ ഏറെയാണ്.
അതേസമയം, 100 കോടി ക്ലബ്ബിൽ ആർഡിഎക്സ് ഇടംപിടിച്ചു കഴിഞ്ഞു. ഒടിടി റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2018ന് ശേഷം ഈ വർഷം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ആർഡിഎക്സ്. സോഫിയ പോൾ നിർമിച്ച ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഷബാസ് റഷീദും ആദർശ് സുകുമാരും ചേർന്നാണ്.
'എന്റെ ഒറ്റ ചവിട്ടിന് അദ്ദേഹം വീണു'; കെജി ജോർജിനെ 'ചവിട്ടി' സംഘട്ടനം പഠിച്ച മമ്മൂട്ടി, അന്ന് പറഞ്ഞത്
കേരള ബോക്സ് ഓഫീസിൽ വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രങ്ങളുടെ പട്ടികയിലും ആർഡിഎക്സ് ഇടംപിടിച്ചിട്ടുണ്ട്. 24 ദിവസം കൊണ്ടാണ് ഈ നേട്ടം. കെജിഎഫ് 2(11 ദിവസം), 2018 (13 ദിവസം), ബാഹുബലി 2(15 ദിവസം) , ജയിലർ (16 ദിവസം) , ലൂസിഫർ (17 ദിവസം) പുലിമുരുകൻ (21 ദിവസം) എന്നിങ്ങനെയാണ് ആർഡിഎക്സിന് മുന്നിലുള്ള മറ്റ് ചിത്രങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..