'വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂർവ ശബ്ദം'; ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് വി ഡി സതീശൻ
പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദമാണ് പി ജയചന്ദ്രന്‍റേതെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമാണ് പി ജയചന്ദ്രന്‍റേതെന്ന് വി ഡി സതീശൻ അനുസ്മരിച്ചു.
പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്‍റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിൽക്കുന്ന ഓര്‍മ്മകളായി പി ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചു. 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ' എന്നാണ് വി ഡി സതീശൻ കുറിപ്പ് അവസാനിപ്പിച്ചത്.
പി ജയചന്ദ്രൻ ഇന്ന് വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചാണ് അന്ത്യം. എണ്‍പത് വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി ചികിത്സയിലായിരുന്നു അദ്ദേഹം. നാളെ രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും, ശേഷം ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്കാരം.
മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി, അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം, പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ തുടങ്ങി ഒട്ടവനധി മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ പാടിയ അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളില്‍ മാത്രമല്ല ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു.
മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരവും അഞ്ച് തവണ സംസ്ഥാന പുരസ്കാരവും തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചു.
ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം