KPAC Lalitha : 'സിദ്ധു ഐസിയുവിലായിരുന്നപ്പോഴായിരുന്നു ചേച്ചി വന്ന് സിനിമ പൂര്‍ത്തിയാക്കിയത്', രഞ്‍ജിത് ശങ്കര്‍

കെപിഎസി ലളിത ഒരു സിനിമ പൂര്‍ത്തിയാക്കാൻ വന്നപ്പോഴുള്ള അനുഭവം ഓര്‍ത്ത് രഞ്‍ജിത് ശങ്കര്‍.
 

Ranjith Sankar pays tribute to KPAC Lalitha

മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ (KPAC Lalitha)വിയോഗത്തിന്റെ സങ്കടത്തിലാണ് കലാകേരളം. മലയാളികള്‍ അത്രമേല്‍ സ്‍നേഹിച്ച ഒരു കലാകാരിയാണ് വിടപറഞ്ഞിരുന്നു. ഇന്നലെ മുതല്‍ കെപിഎസി ലളിതയെ അവസാന നോക്ക് കാണാൻ ജനങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. കെപിഎസി ലളിതയ്‍ക്ക് അഭിനയം ജീവനും ജീവനുമായിരുന്നുവെന്ന് സംവിധായകൻ രഞ്‍ജിത് ശങ്കര്‍  പറയുന്നു.

'സു സു സുധി വാത്മീക'ത്തിൽ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്‍തത്  ലളിത ചേച്ചിയുടെ കാർമികത്വത്തിലാണ്. ആ സീനിൽ 'സുധി' ഏതു വിരലിലാണു  മോതിരം ഇടേണത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകന്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്. അന്ന് ഗുരുതരമായ ഒരപകടം പറ്റി സിദ്ധു ഐസിയുവിലാണ്. ആ സിനിമ പൂർത്തിയാക്കാൻ ആശുപത്രിയിൽ നിന്നാണ് ചേച്ചി വന്നത്. മറ്റേത് സിനിമ ആണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു.കാരണം ചേച്ചിക്ക് അഭിനയം ജീവനും ജീവിതമായിരുന്നു.ഇനി നമുക്ക് അങ്ങിനെ ഒരു നടിയില്ല. പ്രണാമം എന്നാണ് രഞ്‍ജിത് ശങ്കര്‍ എഴുതിയിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച കെപിഎസി ലളിതയുടേതായി 'ഭീഷ്‍മ പര്‍വം', 'ഒരുത്തീ' എന്നീ ചിത്രങ്ങളാണ് വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ളത്. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്. 'എന്റെ പ്രിയതമന്', 'പാരീസ് പയ്യൻസ്', 'നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്', 'ഡയറി മില്‍ക്ക്', 'ലാസറിന്റെ ലോകം' തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവയും തുടങ്ങാത്തവയും ഉണ്ട്.

Read More : അടൂരിന്റെ 'നാരായണി'യും കെപിഎസി ലളിതയുടെ ശബ്‍ദാഭിനയവും

മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാര്‍ഥ പേര്. കടയ്‍ക്കത്തറല്‍ വീട്ടില്‍ കെ അനന്തൻ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായ കെപിഎസി ലളിത 10 വയസുള്ളപ്പോഴേ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി. കെപിഎസിയില്‍ ചേര്‍ന്ന ശേഷം നാടകഗ്രൂപ്പിന്റെ പേരും ചേര്‍ത്ത് ലളിതയായി. തോപ്പിൽ ഭാസിയുടെ 'കൂട്ടുകുടുംബത്തിലൂടെ'യാണ് ചലച്ചിത്ര രംഗത്ത് എത്തിയത്

പിന്നീടങ്ങോട്ടുള്ളത് മലയാള സിനിയുടെ കൂടി ചരിത്രമാണ്. 'സ്വയംവരം', 'അനുഭവങ്ങൾ പാളിച്ചകൾ', 'ചക്രവാളം', 'കൊടിയേറ്റം', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'പൊൻ മുട്ടയിടുന്ന താറാവ്', 'വടക്കുനോക്കി യന്ത്രം', 'വെങ്കലം', 'ഗോഡ് ഫാദർ', 'വിയറ്റ്നാം കോളനി', 'ശാന്തം', 'അമരം', 'സന്ദേശം', 'നീല പൊൻമാൻ' അങ്ങനെ നീളുന്നു 'കെപിഎസി' ലളിത അഭിനയിച്ച് വിസ്‍മയിപ്പിച്ച ചിത്രങ്ങള്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ല്‍ 'അമരം' എന്ന ചിത്രത്തിലൂടെയും 2000ത്തില്‍ 'ശാന്തം' എന്ന ചിത്രത്തിലൂടെയുമായിരുന്നു കെപിഎസി ലളിത മികച്ച രണ്ടാമത്തെ നടിയായത്. നാല് തവണയാണ് കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ രണ്ടാമത്തെ നടിയായി കെപിഎസി ലളിത തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios