'ആദിപുരുഷി'ന്‍റെ 10,000 ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കാന്‍ രണ്‍ബീര്‍ കപൂര്‍; കാരണം ഇതാണ്
ചിത്രം റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിന്‍റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായാണ് കണക്കുകള്‍
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണം പശ്ചാത്തലമാക്കുന്ന എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്‍റെ രചനയും സംവിധാനവും ഓം റാവത്ത് ആണ്. ജൂണ്‍ 16 നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി. റിലീസിലേക്ക് അടുക്കുന്തോറും ഓരോ ദിവസവും ചിത്രം സംബന്ധിച്ച കൌതുകം പകരുന്ന നിരവധി അപ്ഡേറ്റുകള്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ 10,000 ടിക്കറ്റുകള്‍ എടുക്കുമെന്ന് അറിയിച്ച് ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ 10,000 ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുമെന്ന് അറിയിച്ച് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്.
ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ആണ് ചിത്രത്തിന്‍റെ 10,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിര്‍ധനരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് ഇത്. അതേസമയം അഭിഷേക് അഗര്‍വാള്‍ ബുക്ക് ചെയ്യുന്ന ചിത്രത്തിന്‍റെ 10,000 ടിക്കറ്റുകള്‍ തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് വിതരണം ചെയ്യപ്പെടുക.
അതേസമയം ചിത്രം റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിന്‍റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായാണ് കണക്കുകള്‍. 500 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചതെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ALSO READ : "ശോഭേ.."; ബിഗ് ബോസില്‍ അവസാനം സസ്‍പെന്‍സ് പൊളിച്ച് ഷിജു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം