മുകേഷ് അംബാനി തനിക്ക് നല്‍കിയ ഉപദേശം വെളിപ്പെടുത്തി രണ്‍ബീര്‍ കപൂര്‍
ഇന്ത്യന്‍ ബിസിനസ്സ് ലോകത്തെ വമ്പനായ മുകേഷ് അംബാനി എന്താണ് ഉപദേശിച്ചതെന്ന് വെളിപ്പെടുത്തി രണ്‍ബീര്‍.
മുംബൈ: ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങിൽ മുകേഷ് അംബാനി തനിക്ക് നല്‍കിയ ഉപദേശം പരാമര്‍ശിച്ച് ബോളിവുഡ് താരം രൺബീർ കപൂർ. മുതിർന്ന നടൻ ജിതേന്ദ്രയാണ് രൺബീർ കപൂറിന് പുരസ്‌കാരം സമ്മാനിച്ചത്.
ഇന്ത്യന്‍ ബിസിനസ്സ് ലോകത്തെ വമ്പനായ മുകേഷ് അംബാനി എന്താണ് ഉപദേശിച്ചതെന്ന് വെളിപ്പെടുത്തിയ രണ്‍ബീര്‍. താന്‍ ജീവിതത്തിൽ പിന്തുടരുന്ന മൂന്ന് നിയമങ്ങളും പരാമർശിച്ചു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ അടുത്ത കൂട്ടുകാരനാണ് രൺബീർ. ജനുവരി 22 ന് നടന്ന അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിൽ ആകാശ് അംബാനിക്കൊപ്പം രണ്‍ബീര്‍ പങ്കെടുത്തിരുന്നു.
രൺബീർ തന്‍റെ ഹ്രസ്വവും ലളിതവുമായ പ്രസംഗത്തിലാണ് അവാര്‍ഡ് ദാന പരിപാടിയിൽ മുൻ നിരയിൽ ഇരുന്ന മുകേഷ് അംബാനിയിൽ നിന്ന് തനിക്ക് ലഭിച്ച ഉപദേശത്തെക്കുറിച്ച് സംസാരിച്ചത്. “എനിക്ക് ജീവിതത്തിൽ മൂന്ന് ലളിതമായ ലക്ഷ്യങ്ങളുണ്ട്. വിനയത്തോടെ അർത്ഥവത്തായ ജോലി ചെയ്യുക എന്നതാണ് എന്‍റെ ആദ്യ ലക്ഷ്യം. മുകേഷ് ഭായിയിൽ നിന്ന് ഞാൻ ഒരുപാട് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്, 'നിങ്ങളുടെ തല താഴ്ത്തി ജോലി തുടരുക. വിജയം നിങ്ങളുടെ തലയിലേക്കും പരാജയം നിങ്ങളുടെ ഹൃദയത്തിലേക്കും കൊണ്ടുപോകരുത്," എന്നാണ് അദ്ദേഹം എന്നോട് ഒരിക്കല്‍ ഉപദേശിച്ചത്.
ഒരു മുംബൈക്കാരനായതിൽ സന്തോഷമുണ്ടെന്നും നല്ലൊരു പിതാവാകാനാണ് തന്‍റെ തീരുമാനം എന്നും രണ്‍ബീര്‍ പറയുന്നു. “എന്‍റെ രണ്ടാമത്തെ ലക്ഷ്യം ഒരു നല്ല വ്യക്തിയാകുക എന്നതാണ്. ഒരു നല്ല മകനും നല്ല പിതാവും നല്ല ഭർത്താവും സഹോദരനും സുഹൃത്തും ആകാൻ ഞാൻ ആഗ്രഹിക്കുന്നു. മൂന്നാമത്തേത്, ഏറ്റവും പ്രധാനമായി, ഞാൻ ഒരു നല്ല പൗരനാകാൻ ആഗ്രഹിക്കുന്നു. ഒരു മുംബൈക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു, അത്തരം അവാർഡുകൾ അതിനുള്ള പ്രചോദനമാണ്" - രണ്‍ബീര്‍ പ്രസംഗത്തില്‍ പറഞ്ഞു.
ആഗോളതലത്തില്‍ 900 കോടിയോളം നേടിയ അനിമല്‍ എന്ന ചിത്രമാണ് അവസാനമായി രണ്‍ബീറിന്‍റെതായി എത്തിയത്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത ചിത്രം രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു.
തീയറ്ററുകളെ ചിരിപ്പിച്ച് കുലുക്കി പ്രേമലു രണ്ടാം വാരത്തിലേക്ക്; അതിനിടെ പുതിയ സര്‍പ്രൈസ്.!