രജനി ആശ്ലേഷിക്കുന്ന ഈ കുട്ടിത്താരം ആര്? സിനിമ ഏത്? വൈറല്‍ ആയി ചിത്രം
ബാലതാരമായി എത്തിയ ആ കുട്ടി ഇന്ന് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ്
രജനികാന്തിനോളം താരപരിവേഷമുള്ള ഒരു ചലച്ചിത്രതാരം ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തും അപൂര്‍വ്വമാണ്. മാറിയ കാലത്തും അതിന് ഇടിവേതും സംഭവിച്ചിട്ടില്ലെന്നതിന് തെളിവായിരുന്നു അടുത്തിടെ അദ്ദേഹത്തിന്‍റേതായി പ്രദര്‍ശനത്തിനെത്തിയ ജയിലര്‍ നേടിയ വന്‍ വിജയം. ആദ്യ രണ്ട് വാരം കൊണ്ട് മാത്രം 520 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്. ഇപ്പോഴിതാ രജനികാന്തിന്‍റെ ഒരു പഴയ ഫോട്ടോഗ്രാഫ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വ്യക്തിപരമായ ചിത്രമല്ല, മറിച്ച് അദ്ദേഹം അഭിനയിച്ച ഒരു പഴയ സിനിമയില്‍ നിന്ന് തന്നെയുള്ള സ്റ്റില്‍ ആണ് ഇത്. ചിത്രത്തില്‍ രജനി ഒറ്റയ്ക്കല്ല, ഒരു ആണ്‍കുട്ടിയും ഉണ്ട്.
ബാലതാരമായി എത്തിയ ആ കുട്ടി ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍താരമാണ്. ഇത് ആരാണെന്ന് മനസിലായോ എന്ന ചോദ്യത്തോടെയാണ് എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ ചിത്രം പങ്കുവെക്കപ്പെടുന്നത്. മറ്റാരുമല്ല, സാക്ഷാല്‍ ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ രജനിയുടെ കൈവലയത്തിനുള്ളില്‍ നില്‍ക്കുന്നത്. ജെ ഓം പ്രകാശിന്‍റെ സംവിധാനത്തില്‍ 1986 ല്‍ പുറത്തെത്തിയ ഭഗ്വാന് ദാദ എന്ന ചിത്രത്തിലെ രംഗമാണ് ഇത്.
രജനി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ബാലതാരമായി ഹൃത്വിക് റോഷനും മറ്റൊരു പ്രധാന കഥാപാത്രമായി ഹൃത്വിക്കിന്‍റെ അച്ഛന്‍ രാകേഷ് റോഷനും അഭിനയിച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാണവും രാകേഷ് റോഷന്‍ ആയിരുന്നു. ശ്രീദേവി, ടിന മുനിം, ഡാന്നി ഡെന്സോംഗ്പ, പരേഷ് റാവല്‍, സതീഷ് ഷാ, സുജിത്ത് കുമാര്‍, ഓം പ്രകാശ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ അഗ്നി കരങ്ങള്‍ എന്ന പേരിലും ഈ ചിത്രം മൊഴിമാറ്റം ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു.
ALSO READ : വന്നു, കണ്ടു, കീഴടക്കി; മലയാള സിനിമയിലെ എക്കാലത്തെയും വലിയ 10 പണംവാരി പടങ്ങള്‍
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ