'ബാബ' വീണ്ടും തിയറ്ററുകളിലേക്ക്, പുതിയ ഡയലോഗുകള്‍ക്ക് ഡബ്ബ് ചെയ്‍ത് രജനികാന്ത്

രജനികാന്ത് 'ബാബ'യ്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്.

 

Rajinikanth dubs for Baba new version

രജനികാന്ത് നായകനായ ചിത്രം 'ബാബ' 2002ല്‍ റിലീസ് ചെയ്‍തത്. സുരേഷ് കൃഷ്‍ണയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിന് ശേഷം വീണ്ടും തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. 'ബാബ' വീണ്ടും തിയറ്ററുകളിലെത്തുന്ന വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'ബാബ'യ്‍ക്ക് വേണ്ടി പുതിയ പതിപ്പില്‍ ചില രംഗങ്ങള്‍ക്കായി രജനികാന്ത് ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

'പടയപ്പ'യുടെ വന്‍ വിജയത്തിനു ശേഷം രജനികാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ബാബ'. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. 'പടയപ്പ'യുടെ വിജയത്തിനു ശേഷം എത്തുന്ന ചിത്രമായതിനാല്‍ വന്‍ പണം മുടക്കിയാണ് വിതരണക്കാര്‍ ചിത്രം എടുത്തത്. എന്നാല്‍ പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസില്‍ മുന്നേറാന്‍ ചിത്രത്തിന് സാധിച്ചില്ല. വിതരണക്കാര്‍ക്കും വന്‍ നഷ്‍ടം നേരിട്ടു. നിര്‍മാതാവ് എന്ന നിലയില്‍ വിതരണക്കാര്‍ക്കുണ്ടായ നഷ്‍ടം നികത്താന്‍ രജനി മുന്നിട്ടിറങ്ങിയത് അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 'ബാബ' തിയറ്ററില്‍ വീണ്ടും എത്തുമ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കുമെന്നാണ് പ്രതീക്ഷ.

രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്‍ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍.  2002 ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ  സംഗീതം എ ആര്‍ റഹ്‍മാന്‍ ആയിരുന്നു.

മറ്റൊരു രജനികാന്ത് ചിത്രവും ഡിജിറ്റല്‍ റീമാസ്റ്ററിം​ഗ് നടത്തി നേരത്തെ തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ബാഷ'യാണ് അത്. രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് 'ബാഷ'. സുരേഷ് കൃഷ്‍ണ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് 2017ല്‍  തിയറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച സ്വീകാര്യത നേടിയിരുന്നു.

Read More: അനുപമ പരമേശ്വരൻ ചിത്രത്തിനായി പാടാൻ ചിമ്പു

Latest Videos
Follow Us:
Download App:
  • android
  • ios