അയോർട്ടയിൽ സ്റ്റെന്‍റ് ഇട്ടു; രജനികാന്ത് വീണ്ടും ആരോഗ്യവാനായി ആശുപത്രിക്ക് പുറത്തേക്ക്, 'കൂലി' വൈകും !
രക്തക്കുഴലിലെ വീക്കത്തിന് ചികിത്സ തേടിയ സൂപ്പർസ്റ്റാർ രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഡോക്ടർമാരുടെ നിർദേശപ്രകാരം രണ്ടാഴ്ചത്തെ വിശ്രമത്തിലായിരിക്കും താരം.
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. രക്തക്കുഴലിലെ വീക്കം ഉണ്ടായതിന് തുടര്‍ന്ന് നടത്തിയ ചികില്‍സയ്ക്ക് ശേഷമാണ് രജനി ആശുപത്രി വിട്ടത്. മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് ട്രാൻസ്കത്തീറ്റർ രീതി ഉപയോഗിച്ച് രജനിയുടെ അയോർട്ടയിൽ ഒരു സ്റ്റെന്‍റ് സ്ഥാപിച്ചുവെന്നാണ് വിവരം.
ഒക്‌ടോബർ ഒന്നിന് നടത്തിയ വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു താരം. രജനികാന്തിന് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഡോക്ടർമാരിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും സംവിധായകൻ ലോകേഷ് കനകരാജിന്‍റെ കൂലിയുടെ ജോലി പുനരാരംഭിക്കുവെന്നാണ് വിവരം.
രജനികാന്ത് നായകനാകുന്ന വേട്ടൈയന്‍ ഈ വരുന്ന ഒക്ടോബര്‍ 10ന് റിലീസാകുയാണ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് എത്തുന്നത്. ചിത്രം എന്‍കൗണ്ടര്‍ കില്ലിംഗിനെതിരായ ശക്തമായ വിഷയമാണ് സംസാരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനം ഇതിനകം വൈറലായിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം.
അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, അഭിരാമി, മഞ്ജു വാര്യര്‍ അടക്കം വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജയ് ഭീം എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടൈയന്‍.
അതേ സമയം രജനിചിത്രം കൂലിയുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയായിരുന്നു. നാഗാര്‍ജു, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ അടക്കം വന്‍ താര നിര അണിനിരക്കുന്ന ചിത്രം ജയിലറിന് ശേഷം സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന രജനികാന്ത് ചിത്രമാണ്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം.
മകള്‍ ദിയയുടെ നേട്ടത്തിൽ അഭിമാനം പങ്കിട്ട് ജ്യോതിക: അതിലും വിവാദമാക്കാന്‍ ചിലര്‍, ചുട്ട മറുപടി !