'നല്ല കഥ, വളരെ വലിയ ചിത്രം'; 'വൃഷഭ'യെക്കുറിച്ച് രാഗിണി ദ്വിവേദി
ശനിയാഴ്ച മൈസൂരുവില്‍ ചിത്രീകരണം ആരംഭിച്ചു
മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. സിനിമയുടെ ചിത്രീകരണം ശനിയാഴ്ച മൈസൂരുവിലാണ് ആരംഭിച്ചത്. പ്രധാനമായും തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. 200 കോടിയാണ് ബജറ്റ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. രാഗിണി ദ്വിവേദിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയാവുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് രാഗിണി. താന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം- കന്നഡ ചിത്രം ഷീലയുടെ പ്രചരണാര്‍ഥം കേരളത്തിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
"വൃഷഭയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണ്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഗംഭീര അനുഭവമാണ്. വളരെ വലിയ ചിത്രമാണ് വൃഷഭ. മനോഹരമായ ചിത്രമായിരിക്കും. ഒരുപാട് നല്ല അഭിനേതാക്കളാണ് ഉള്ളത്. നല്ല കഥ. പാന്‍ ഇന്ത്യന്‍ തലത്തിലുള്ള വലിയ ചിത്രം. മോഹന്‍ലാല്‍ സാറിന്‍റെ നായികയായി അഭിനയിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്", രാഗിണി ദ്വിവേദി പറഞ്ഞു. ചിത്രത്തില്‍ താന്‍ ജോലി ചെയ്തിട്ടില്ലെന്നും അടുത്ത തവണ കാണുമ്പോള്‍ വൃഷഭയെക്കുറിച്ച് കൂടുതല്‍ സംസാരിക്കാമെന്നും രാഗിണി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ നായകനായ കാണ്ഡഹാറില്‍ രാഹിണി ദ്വിവേദി അഭിനയിച്ചിരുന്നു.
റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് വിവരം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക