Rocketry Movie : സുനിത വില്യംസിനെ സന്ദര്‍ശിച്ച് മാധവനും നമ്പി നാരായണനും
അടുത്തിടെ അവസാനിച്ച 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ചിത്രം കൈയടി നേടിയിരുന്നു
അമേരിക്കന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ (Sunita Williams) സന്ദര്‍ശിച്ച് ആര്‍ മാധവനും (R Madhavan) നമ്പി നാരായണനും (Nambi Narayanan). ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന റോക്കട്രി ദ് നമ്പി എഫക്ട് എന്ന ചിത്രത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും. സംവിധായകനായുള്ള ആര്‍ മാധവന്‍റെ അരങ്ങേറ്റമാണ് റോക്കട്രി. അടുത്തിടെ അവസാനിച്ച 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ചിത്രം കൈയടി നേടിയിരുന്നു.
ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെക്സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചിരുന്നു. നമ്പി നാരായണനായി വേഷമിടുന്ന ആര്‍ മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത്. ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ALSO READ : നയൻതാര- വിഘ്‍നേശ് ശിവൻ വിവാഹത്തിന് എത്തിയ രജനികാന്തും വിജയ്‍യും- വീഡിയോ
ആറ് രാജ്യങ്ങളിലധികം ഷൂട്ടിംഗ് നടന്ന ചിത്രം 2010ല്‍ റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തും.